---
title: "'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' സോണിയയെ കൊന്നത് പിതൃത്വ സംശയത്തിലെന്ന് പ്രതിയുടെ മൊഴി"
english_title: "Chennai Husband Kills 5 Month Pregnant Wife Paternity Doubt Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375952/chennai-husband-kills-pregnant-wife-paternity-doubt"
published_at: "2026-08-01T13:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6da89bb3752_chennai-husband-kills-pregnant-wife-paternity-doubt.jpg"
keywords: ["Kanchipuram", "Soniya Murder", "Domestic Violence", "Pregnancy"]
---

# 'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' സോണിയയെ കൊന്നത് പിതൃത്വ സംശയത്തിലെന്ന് പ്രതിയുടെ മൊഴി

> **Lead Summary:** **ചെന്നൈ: **അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരകൃത്യത്തിൽ കലാശിച്ചത്. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്ത് പഴയശീവരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

## Article Content

**ചെന്നൈ: **അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരകൃത്യത്തിൽ കലാശിച്ചത്. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്ത് പഴയശീവരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

28കാരിയായ സോണിയയെയാണ് ഭർത്താവ് സോമസുന്ദരം കൊലപ്പെടുത്തിയത്. ഹോം ഗാർഡായി ജോലി ചെയ്യുന്ന സോമസുന്ദരവുമായി ആറ് മാസം മുമ്പാണ് സോണിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവർക്കുമിടയിൽ പതിവായി തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വഴക്കിനിടെയാണ് സോമസുന്ദരം കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉന്നയിച്ചത്. തർക്കം രൂക്ഷമായതോടെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട് പുറത്തുനിന്ന് പൂട്ടി ഇയാൾ കടന്നുകളഞ്ഞു.പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം പുറത്തുവന്നത്.

തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന വിവരം വിവാഹത്തിന് മുമ്പ് സോണിയയിൽ നിന്ന് മറച്ചുവെച്ചതാണെന്ന് സോമസുന്ദരം സമ്മതിച്ചു. അതുകൊണ്ടാണ് ഗർഭിണിയായപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം തോന്നിയതെന്നും ഇയാൾ പറഞ്ഞു. ദിവസങ്ങളോളം മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സോണിയയുടെ മാതാപിതാക്കൾ വീട്ടിലെത്തി പരിശോധിച്ചു.

അപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്. ഉടൻ ശാലവാക്കം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ സോമസുന്ദരത്തെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375952/chennai-husband-kills-pregnant-wife-paternity-doubt)