---
title: "സംസ്ഥാനത്ത് ആർത്തലച്ച് മഴ; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു"
english_title: "Kerala Rain Havoc: 5 Dead In 3 Districts, Ranni Under Water Due To Heavy Floods"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375950/kerala-heavy-rain-5-dead-3-districts-ranni-floods-landslide-"
published_at: "2026-08-01T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6da5ed848ba_kerala-heavy-rain-5-dead-3-districts-ranni-floods-landslide.jpg"
keywords: ["Kerala Rain", "Landslide", "Idukki", "Kottayam", "Pathanamthitta", "Ranni Flood", "Death Toll"]
---

# സംസ്ഥാനത്ത് ആർത്തലച്ച് മഴ; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ വിവിധ ജില്ലകളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇതുവരെ മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതികളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ വിവിധ ജില്ലകളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇതുവരെ മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതികളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും ദാരുണമായി മരിച്ചു. ഇതിനുപുറമേ, ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും മരണപ്പെട്ടു.

ഇവിടെ രണ്ട് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നി മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ വ്യാപകമായി വീടുകളും റോഡുകളും പ്രധാന വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു. പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കണക്കുകൾ പ്രകാരം ളാഹയിൽ 25 സെന്റിമീറ്ററും പീരുമേടും തൊടുപുഴയിലും 21 സെന്റിമീറ്റർ വീതവും മഴ പെയ്തിട്ടുണ്ട്. റാന്നി, കോന്നി എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

അതേസമയം മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ആദം അയ്മൻ ( 4) മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. ഇന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ യൂത്ത് ബ്രിഗേഡ് പ്രവർത്തകരും സജീവമായ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.

ജില്ലാ ഭരണകൂടം, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി പൂർണ്ണമായ ഏകോപനം പുലർത്തിക്കൊണ്ട് വേണം പ്രവർത്തകർ രംഗത്തിറങ്ങേണ്ടത്. ദുരിതബാധിതരായ ജനങ്ങളെ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക, ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

ഇതിനായി ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണത്തിലും, ക്യാമ്പുകളുടെ ശുചീകരണ പ്രവർത്തനങ്ങളിലും, രക്തദാനത്തിലും പ്രവർത്തകർ സജീവ പങ്കാളിത്തം വഹിക്കണമെന്ന് ഡിവൈഎഫ്ഐ നിർദ്ദേശിച്ചു. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും, ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും സന്നദ്ധരാകണമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375950/kerala-heavy-rain-5-dead-3-districts-ranni-floods-landslide-)