---
title: "'മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം, ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിൽക്കുക'; ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ് സജ്ജം "
english_title: "Kerala Rain: DYFI Youth Brigade Mobilized For Rescue And Relief Operations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375941/kerala-rain-dyfi-youth-brigade-rescue-relief-operations-vk-sanoj"
published_at: "2026-08-01T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6da2175d74d_kerala-rain-dyfi-youth-brigade-rescue-relief-operations-vk-sanoj.jpg"
keywords: ["Kerala Rain", "DYFI", "Youth Brigade", "Rescue Operations", "Relief Camps", "VK Sanoj", "Landslide"]
---

# 'മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം, ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിൽക്കുക'; ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ് സജ്ജം 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ യൂത്ത് ബ്രിഗേഡ് പ്രവർത്തകരും സജീവമായ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ യൂത്ത് ബ്രിഗേഡ് പ്രവർത്തകരും സജീവമായ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.

ജില്ലാ ഭരണകൂടം, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി പൂർണ്ണമായ ഏകോപനം പുലർത്തിക്കൊണ്ട് വേണം പ്രവർത്തകർ രംഗത്തിറങ്ങേണ്ടത്. ദുരിതബാധിതരായ ജനങ്ങളെ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക, ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

ഇതിനായി ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണത്തിലും, ക്യാമ്പുകളുടെ ശുചീകരണ പ്രവർത്തനങ്ങളിലും, രക്തദാനത്തിലും പ്രവർത്തകർ സജീവ പങ്കാളിത്തം വഹിക്കണമെന്ന് ഡിവൈഎഫ്ഐ നിർദ്ദേശിച്ചു. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും, ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും സന്നദ്ധരാകണമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

അതേസമയം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ആദം അയ്മൻ ( 4) മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. ഇന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375941/kerala-rain-dyfi-youth-brigade-rescue-relief-operations-vk-sanoj)