---
title: "വീട്ടിൽ നിന്ന് പോയത് 27-ന്; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അതുൽ മാർത്താണ്ഡത്തിന് സമീപം ആറ്റിൽ മരിച്ച നിലയിൽ"
english_title: "Criminal Case Accused Atul Found Dead in Kannakode River Near Marthandam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375939/thiruvananthapuram-atul-found-dead-kannakode-river-marthandam"
published_at: "2026-08-01T12:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d9d4d1335e_thiruvananthapuram-atul-found-dead-kannakode-river-marthandam.jpg"
keywords: ["Kerala Crime", "Criminal Case Accused Death", "Murder", "Thiruvananthapuram News"]
---

# വീട്ടിൽ നിന്ന് പോയത് 27-ന്; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അതുൽ മാർത്താണ്ഡത്തിന് സമീപം ആറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മാർത്താണ്ഡത്തിന് സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ ആണ് മരിച്ചത്. കണ്ണക്കോട് ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മാർത്താണ്ഡത്തിന് സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ ആണ് മരിച്ചത്. കണ്ണക്കോട് ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ കണ്ടെത്തി. മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകളില്ലാത്ത നിലയിലായിരുന്നു കാർ. ചില്ലുകൾ തകർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.

അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം എട്ട് കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടായിരുന്നു.

ഒരു വർഷത്തേക്ക് പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി അതുലിനെ വിലക്കിയിരുന്നു. മാസങ്ങൾക്ക് മുൻപാണ് നിരോധന കാലാവധി അവസാനിച്ചത്.

ഇക്കഴിഞ്ഞ 27-ാം തീയതി വൈകീട്ടാണ് അതുൽ ചെങ്കവിളയിലെ വീട്ടിൽ നിന്ന് പോയത്. കുഴിത്തുറയിലെ സുഹൃത്തിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് കാറിൽ യാത്ര തിരിച്ചത്.

28-ന് നൂലുകെട്ട് ചടങ്ങിൽ അതുൽ പങ്കെടുത്തതായി തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്തവരോടൊപ്പം അതുൽ ബാറിൽ പോയി മദ്യപിച്ചതായും പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചുകാലമായി പളുകലിൽ താമസിക്കുകയായിരുന്ന അതുൽ നാഗർകോവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തമിഴ്‌നാട് ശിവസേന എന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷമായി അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നതായും വിവരമുണ്ട്. മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375939/thiruvananthapuram-atul-found-dead-kannakode-river-marthandam)