---
title: "കറന്റ് പോയോ? ഇനി കെഎസ്ഇബി ഓഫീസിൽ വിളിക്കേണ്ട; ഈ വാട്സാപ്പ് നമ്പറിൽ പരാതി പറഞ്ഞാൽ മതി"
english_title: "KSEB WhatsApp Complaint Number 9496001912 Kerala Electricity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375924/kseb-whatsapp-complaint-number-9496001912"
published_at: "2026-08-01T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d93ecd6988_kseb-whatsapp-complaint-number-9496001912.jpg"
keywords: ["KSEB", "WhatsApp", "Kerala Electricity", "Complaint", "Power Cut"]
---

# കറന്റ് പോയോ? ഇനി കെഎസ്ഇബി ഓഫീസിൽ വിളിക്കേണ്ട; ഈ വാട്സാപ്പ് നമ്പറിൽ പരാതി പറഞ്ഞാൽ മതി

> **Lead Summary:** **തിരുവനന്തപുരം: **കറന്റ് പോയാൽ ഉടനെ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്ന ശീലമാണല്ലോ നമുക്കുള്ളത്. പക്ഷേ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ചാൽ മണിക്കൂറുകളോളം എൻഗേജ് ആയിരിക്കും. ഒരേ സമയം നൂറുകണക്കിന് പേർ വിളിക്കുന്നതുകൊണ്ട് കോൾ കണക്ട് ആവുകയുമില്ല.

## Article Content

**തിരുവനന്തപുരം: **കറന്റ് പോയാൽ ഉടനെ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്ന ശീലമാണല്ലോ നമുക്കുള്ളത്. പക്ഷേ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ചാൽ മണിക്കൂറുകളോളം എൻഗേജ് ആയിരിക്കും. ഒരേ സമയം നൂറുകണക്കിന് പേർ വിളിക്കുന്നതുകൊണ്ട് കോൾ കണക്ട് ആവുകയുമില്ല.

ഈ ബുദ്ധിമുട്ടിന് ഇനി പരിഹാരവുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ഇനി സെക്ഷൻ ഓഫീസിലേക്ക് വിളിച്ച് സമയം കളയേണ്ട. വാട്സാപ്പിലൂടെ നേരിട്ട് പരാതി നൽകിയാൽ മതി. 9496001912 എന്ന കെഎസ്ഇബിയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലേക്ക് ചാറ്റ് ചെയ്താൽ പരാതി ഉടൻ സെക്ഷൻ ഓഫീസിലെത്തും.

തിരികെ ഒരു പരാതി നമ്പറും ലഭിക്കും. അതുവെച്ച് പരാതിയുടെ സ്റ്റാറ്റസ് വരെ പരിശോധിക്കാം.കറന്റ് മുടങ്ങിയുള്ള പരാതികൾക്ക് പുറമെ മറ്റ് പല സേവനങ്ങളും ഈ നമ്പറിൽ ലഭ്യമാണ്.

ബിൽ വിവരങ്ങൾ: അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെന്റ് സ്റ്റാറ്റസ്

പുതിയ കണക്ഷൻ: അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ

മീറ്റർ സംബന്ധമായ പരാതികൾ: റീഡിംഗ്, കേടുപാടുകൾ

മറ്റ് സേവന അഭ്യർത്ഥനകൾ

> എന്താണ് ചെയ്യേണ്ടത്? വളരെ ലളിതമാണ്. 9496001912 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. അതിലേക്ക് വാട്സാപ്പിൽ "Hi" എന്ന് അയക്കുക. തുടർന്ന് വരുന്ന മെനുവിൽ നിന്ന് നിങ്ങളുടെ ആവശ്യം സെലക്ട് ചെയ്ത് ഉപഭോക്തൃ നമ്പർ നൽകിയാൽ മതി. പരാതി രജിസ്റ്റർ ആയതിന്റെ സ്ഥിരീകരണവും പരാതി നമ്പറും ഉടൻ തിരികെ വരും.

ഫോൺ ലൈൻ തിരക്കായിട്ടും, ഓഫീസിൽ പോകാൻ സമയമില്ലാത്തവർക്കും ഇത് വലിയ ആശ്വാസമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കറന്റ് തകരാറുകൾ കൂടുന്ന സമയത്ത് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. കെഎസ്ഇബിയുടെ ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി ആരംഭിച്ച ഈ വാട്സാപ്പ് സംവിധാനം ഇപ്പോൾ സംസ്ഥാനത്തുടനീളം ലഭ്യമാണ്. എന്നാൽ പിന്നെ വൈകണ്ട, ആവശ്യസമയത്ത് ഉപയോഗിക്കാൻ ഈ നമ്പർ ഇപ്പോൾ തന്നെ സേവ് ചെയ്ത് വെക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375924/kseb-whatsapp-complaint-number-9496001912)