---
title: "കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ശക്തമായ മഴ; ഈങ്ങാപ്പുഴയിൽ വെള്ളം കയറി, ഗതാഗതം  പൂർണ്ണമായും സ്തംഭിച്ചു"
english_title: "Kozhikode Rain: NH 766 Blocked At Eengappuzha Due To Flooding, Traffic Diverted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375923/kozhikode-rain-nh766-eengappuzha-flood-traffic-blocked-alternate-route-"
published_at: "2026-08-01T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d92a9bd6af_kozhikode-rain-nh766-eengappuzha-flood-traffic-blocked-alternate-route.jpg"
keywords: ["Kozhikode Rain", "Eengappuzha", "Poonur River", "Wayanad Ghat", "Traffic Block", "Kerala Rain"]
---

# കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ശക്തമായ മഴ; ഈങ്ങാപ്പുഴയിൽ വെള്ളം കയറി, ഗതാഗതം  പൂർണ്ണമായും സ്തംഭിച്ചു

> **Lead Summary:** **കോഴിക്കോട് : (**https://truevisionnews.com/) സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നദികൾ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് മലയോര പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും പലയിടത്തും ജനജീവിതം പൂർണമായും സ്തംഭിക്കുകയും ചെയ്തിരിക്കുകയാണ്.

## Article Content

**കോഴിക്കോട് : (**https://truevisionnews.com/) സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നദികൾ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് മലയോര പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും പലയിടത്തും ജനജീവിതം പൂർണമായും സ്തംഭിക്കുകയും ചെയ്തിരിക്കുകയാണ്.

കനത്ത മഴയിൽ കോഴിക്കോട് – മൈസൂർ ദേശീയപാതയിലെ (എൻഎച്ച് 766) ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതാണ് ദേശീയപാതയിലെ വെള്ളക്കെട്ടിന് കാരണമായത്. വയനാട് ചുരം മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഈങ്ങാപ്പുഴയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ ഈങ്ങാപ്പുഴ പയോണ ഭാഗത്ത് നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ദുരന്തസാഹചര്യം കണക്കിലെടുത്ത് യാത്രക്കാർക്കായി ഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൈതപ്പൊയിലിൽ നിന്നും നോളജ് സിറ്റി വഴി കോടഞ്ചേരിയിലൂടെ കോഴിക്കോട് ന​ഗരത്തിലെത്താം.

കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ വയനാട് ഭാഗത്തേക്കും കടന്നു പോകാവുന്നതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു.  അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. ഇതിനൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കാലവർഷം സജീവമായതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരത്തെ തന്നെ മഴ ശക്തമായിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. Weather

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനും മരങ്ങൾ ഒടിഞ്ഞു വീഴാനും സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടുകളുടെ മേൽക്കൂരകളും പരിസരവും സുരക്ഷിതമാക്കണമെന്നും അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375923/kozhikode-rain-nh766-eengappuzha-flood-traffic-blocked-alternate-route-)