---
title: "മണ്ണിടിഞ്ഞും വീടുകൾ തകർന്നും വൻ ദുരന്തം; മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത് നാല് പേർക്ക്,  കോഴിക്കോട്  ഉൾപ്പെടെ എട്ട് ജില്ലകളിൽ  റെഡ് അലർട്ട് "
english_title: "Kerala Rain Havoc: 4 Dead, Red Alert In 8 Districts, 5 Dams To Be Opened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375921/kerala-heavy-rain-4-dead-red-alert-8-districts-dams-opened"
published_at: "2026-08-01T11:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d916c19bd3_kerala-heavy-rain-4-dead-red-alert-8-districts-dams-opened.jpg"
keywords: ["Kerala Rain", "Red Alert", "Idukki Landslide", "Pathanamthitta", "Neyyar Dam", "Pamba", "Floods"]
---

# മണ്ണിടിഞ്ഞും വീടുകൾ തകർന്നും വൻ ദുരന്തം; മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത് നാല് പേർക്ക്,  കോഴിക്കോട്  ഉൾപ്പെടെ എട്ട് ജില്ലകളിൽ  റെഡ് അലർട്ട് 

> **Lead Summary:** **പത്തനംതിട്ട: **സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇടുക്കിയിലും കോട്ടയത്തുണ്ടായ ഉരുൾപൊട്ടലുകളിൽ രണ്ട് ജില്ലകളിലായി നാല് പേർ മരണപ്പെട്ടു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

## Article Content

**പത്തനംതിട്ട: **സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇടുക്കിയിലും കോട്ടയത്തുണ്ടായ ഉരുൾപൊട്ടലുകളിൽ രണ്ട് ജില്ലകളിലായി നാല് പേർ മരണപ്പെട്ടു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്.

പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽപെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

വാ​ഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും, പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിൻ ജോണിയും മരണപ്പെട്ടു. ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. തൂമ്പാക്കുളം ജങ്ഷനിൽ ചെളിയും മരങ്ങളും വന്നടിഞ്ഞിരിക്കുകയാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനെത്തുടർന്ന് മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സീതത്തോട്ടിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ മണിയാർ, മൂഴിയാർ, കക്കി, ​ഗവി, കൊച്ചു പമ്പ ഡാമുകൾ തുറന്നുവിടുന്നുണ്ട്. കൂടാതെ തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375921/kerala-heavy-rain-4-dead-red-alert-8-districts-dams-opened)