---
title: "പാലേരി രമേശന്റെ വിയോഗം: പുരോഗമന പ്രസ്ഥാനങ്ങൾ സ്വയം നവീകരിക്കണമെന്ന് ഡോ. തോമസ് ഐസക്ക്"
english_title: "TM Thomas Isaac Remembers Paleri Rameshan, Calls Uralungal Model Global Benchmark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375912/tm-thomas-isaac-paleri-rameshan-uralungal-model-obituary"
published_at: "2026-08-01T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d8a37842c8_tm-thomas-isaac-paleri-rameshan-uralungal-model-obituary.jpg"
keywords: ["Rameshan Paleri", "ULCCS", "TM Thomas Isaac", "CPI(M)", "Vatakara"]
---

# പാലേരി രമേശന്റെ വിയോഗം: പുരോഗമന പ്രസ്ഥാനങ്ങൾ സ്വയം നവീകരിക്കണമെന്ന് ഡോ. തോമസ് ഐസക്ക്

> **Lead Summary:** കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ പാലേരി രമേശൻ അരങ്ങൊഴിയുന്നത് ഒരു വലിയ ദൗത്യം പൂർത്തീകരിച്ചശേഷമാണെന്ന് മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്ക്. കേരളത്തിലെ പുരോഗമന ജനകീയ പ്രസ്ഥാനങ്ങൾ ഈ മാതൃകയിൽ നിന്ന് ഇനിയും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

## Article Content

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ പാലേരി രമേശൻ അരങ്ങൊഴിയുന്നത് ഒരു വലിയ ദൗത്യം പൂർത്തീകരിച്ചശേഷമാണെന്ന് മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്ക്. കേരളത്തിലെ പുരോഗമന ജനകീയ പ്രസ്ഥാനങ്ങൾ ഈ മാതൃകയിൽ നിന്ന് ഇനിയും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കാലാനുസൃതമായി ജനകീയ പ്രസ്ഥാനങ്ങൾ സ്വയം നവീകരിച്ചില്ലെങ്കിൽ ഇന്നത്തെ വലിയ വെല്ലുവിളികളെ നേരിടാൻ കഴിയില്ലെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനിമ വിവിധ പുരോഗമന കൂട്ടായ്മകളുടെ അടിത്തറയിലാണെന്നും ബഹുജന പ്രസ്ഥാനങ്ങൾക്ക് പുറമെ ലൈബ്രറികൾ, ക്ലബ്ബുകൾ, ശാസ്ത്ര പ്രസ്ഥാനം, അയൽക്കൂട്ട ശൃംഖലകൾ, സഹകരണ സംഘങ്ങൾ എന്നിവയെല്ലാം അതിവേഗം മാറുന്ന ലോകത്തിനനുസരിച്ച് പ്രവർത്തനരീതിയിലും ഉള്ളടക്കത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

**ഊരാളുങ്കൽ മാതൃക**

1998-ലെ ജനകീയാസൂത്രണ കാലത്ത് അഴിമതി കളങ്കമില്ലാത്ത നിർമ്മാണ-നിർവ്വഹണ സംവിധാനം പഠിക്കാനെത്തിയപ്പോഴാണ് പാലേരി രമേശനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് ഐസക്ക് അനുസ്മരിച്ചു. ഊരാളുങ്കൽ മാതൃകയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ സംഘടിപ്പിക്കുന്നതിനുള്ള ശില്പശാലയും കൈപുസ്തകവും അന്നു തയ്യാറാക്കിയിരുന്നു.

**പാലേരി രമേശന്റെ അടിസ്ഥാന സംഭാവനകളായി ഐസക്ക് അഞ്ച് കാര്യങ്ങൾ എടുത്തുപറഞ്ഞു:**

1. സാങ്കേതിക നവീകരണം: നാലാം ശാസ്ത്ര-സാങ്കേതിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ മേഖലയിൽ രാജ്യത്തെ ഏത് വലിയ കമ്പനിയോടും കിടപിടിക്കുന്ന സാങ്കേതിക വിദ്യ ഊരാളുങ്കൽ സ്വാംശീകരിച്ചു.

2. വൈവിധ്യവൽക്കരണം: ഐടി, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ധർമ്മങ്ങൾ പുനർനിർവചിച്ചു.

3. സംഘടനാ പരിഷ്കാരം: ഊരാളുങ്കലിന്റെ കീഴിൽ ഐടിക്കും മറ്റു മേഖലകൾക്കും പ്രത്യേക കമ്പനികൾ രൂപീകരിച്ചു. സ്പെയിനിലെ പ്രശസ്തമായ മോൺഡ്രഗോൺ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മാറ്റം.

4. പ്രൊഫഷണൽ ഇടപെടൽ: കോഴിക്കോട് ഐ.ഐ.എം-ലെ വിദഗ്ധരുടെ സഹായത്തോടെ പരിഷ്കാരങ്ങൾക്കായുള്ള വിശദമായ രേഖ തയ്യാറാക്കി.

5. സഹകരണ തത്വങ്ങളുടെ സംരക്ഷണം: വൈവിധ്യവൽക്കരണം നടക്കുമ്പോഴും സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, വിജയത്തോടൊപ്പം വരാവുന്ന അധഃപതന പ്രവണതകളെ ഒഴിവാക്കാൻ കഴിഞ്ഞു.

സഹകരണ സംഘത്തെ കക്ഷി രാഷ്ട്രീയത്തിന്റെ കരുവാക്കാതെ എല്ലാവർക്കും സഹകരിക്കാവുന്ന വേദിയായി നിലനിർത്തുന്നതിൽ പാലേരി രമേശൻ വിജയിച്ചതായും ഐസക്ക് വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മാത്രമാണ് ഇതിന് അപവാദമുണ്ടായതെന്നും, അന്നും യുഡിഎഫിന്റെ വിമർശനങ്ങളോട് രമേശൻ സമചിത്തതയോടെ പ്രതികരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

**സിപിഐ എമ്മിന് പരോക്ഷമായി നൽകുന്ന ഉപദേശം**

പുരോഗമന പ്രസ്ഥാനങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെ മറികടക്കണമെങ്കിൽ സ്വയം നവീകരണം അനിവാര്യമാണെന്നാണ് ഐസക്കിന്റെ പ്രധാന ഉപദേശം. ഊരാളുങ്കൽ വിജയിപ്പിച്ച സഹകരണ മേഖലയിലെ നവീകരണം ലോകോത്തര മാതൃകയാണെന്നും, ഈ പാഠങ്ങൾ സിപിഐ എം ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

> രമേശൻ പാലേരിയുടെ നിര്യാണത്തിൽ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെയും ഐസക്ക് അഭിനന്ദിച്ചു. "ഊരാളുങ്കൽ എന്നത് ഇന്നു കേരളത്തിൽ സത്പേരിന്റെ പര്യായപദമായി മാറിയിരിക്കുന്നു. ആ വാക്കു മൊഴിയുമ്പോഴും ശ്രവിക്കുമ്പോഴും മലയാളിയുടെ മുഖം വിടരുന്നു" എന്ന എഡിറ്റോറിയൽ വരികൾ ഉദ്ധരിച്ച അദ്ദേഹം, ഈ അഭിമാനം നൽകിയ കർമയോഗിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തോമസ് ഐസക്കിൻ്റെ എഫ്ബി പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം ........ " കാലാനുസൃതിയായി ജനകീയപ്രസ്ഥാനങ്ങൾ സ്വയം നവീകരിച്ചേ തീരൂ.

രമേശൻ പാലേരി അരങ്ങൊഴിയുന്നത് വലിയൊരു ദൗത്യം പൂർത്തീകരിച്ചശേഷമാണ്. അതിന്റെ പാഠങ്ങൾ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ ഇനിയും ഉൾക്കൊള്ളേണ്ടതുണ്ട്. വലിയ വെല്ലുവിളികളാണ് നാം ഇന്ന് നേരിടുന്നത്. അവയെ മറികടക്കണമെങ്കിൽ കാലാനുസൃതിയായി ജനകീയപ്രസ്ഥാനങ്ങൾ സ്വയം നവീകരിച്ചേ തീരൂ.

കേരളത്തിന്റെ തനിമ വിവിധങ്ങളായ പുരോഗമന ജനകീയ കൂട്ടായ്മകളുടെ അടിത്തറയാണ്. ഇതിൽ ബഹുജനപ്രസ്ഥാനങ്ങൾ മാത്രമല്ല ലൈബ്രറികൾ, ക്ലബ്ബുകൾ, ശാസ്ത്രപ്രസ്ഥാനം, അയൽക്കൂട്ട ശ്രംഖലകൾ, സഹകരണ സംഘങ്ങൾ തുടങ്ങിവയെല്ലാം ഉൾപ്പെടും.

അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുസൃതമായി ഇവയുടെയെല്ലാം പ്രവർത്തനരീതികളിലും ഉള്ളടക്കത്തിൽപ്പോലും മാറ്റങ്ങൾ അനിവാര്യമാണ്. ഇതിൽ സഹകരണ മേഖലയിലെ നവീകരണം വിജയിപ്പിച്ച് ലോകോത്തര മാതൃക സൃഷ്ടിക്കാൻ പാലേരി രമേശനു കഴിഞ്ഞു.

ജനകീയാസൂത്രണകാലത്ത് (1998-ൽ) അഴിമതി കളങ്കം തെല്ലുപോലും ഏശാത്ത ഒരു മാതൃകാ നിർമ്മാണ-നിർവ്വഹണ സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ഒരു ദിവസം ഏറെ വൈകിയ ഒരു വൈകുന്നേരം ഞങ്ങളെ എത്തിച്ചത്. അന്നാണ് പാലേരി രമേശനെ ആദ്യമായി പരിചയപ്പെടുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എങ്ങനെ സംഘടിപ്പിക്കാമെന്നുള്ളതിന്റെ ശില്പശാലയും ഊരാളുങ്കലിനെ മാതൃകയാക്കി സംഘടിപ്പിച്ചു. അതിനുവേണ്ടി തയ്യാറാക്കിയ കൈപുസ്തകമാണ് ULCCS-നെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം. അതിനുശേഷം ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്.

> എന്റെ തന്നെ ലെഫ്റ്റ് വേഡ് പ്രസിദ്ധീകരിച്ച “Building Alternatives: The Story of India’s Oldest Construction Workers’ Cooperative” എന്ന ഗ്രന്ഥമുണ്ട്. ഈ വിപുലമായ സാഹിത്യത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ പാലേരി രമേശന്റെ അടിസ്ഥാന സംഭാവനകൾ തെളിഞ്ഞു കാണാം.

ഒന്ന്, അതിവേഗത്തിലുള്ള നാലാം ശാസ്ത്ര-സാങ്കേതിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഉല്പാദന സ്ഥാപനങ്ങളായാലും സാമൂഹ്യ സ്ഥാപനങ്ങളായാലും എത്രയും വേഗം നൂതനമായ സാങ്കേതികവിദ്യകൾ സ്വാംശീകരിച്ചേ മതിയാകൂ. നിർമ്മാണ മേഖലയിൽ ഇന്ത്യയിലെ ഏത് ഉയർന്ന നിർമ്മാണ കമ്പനിയോടും കിടപിടിക്കത്തക്ക സാങ്കേതിക നവീകരണം ഊരാളുങ്കൽ നേടി.

രണ്ട്, ഊരാളുങ്കലിന്റെ പ്രവർത്തനത്തെ ഐടി, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് വൈവിധ്യവൽക്കരിച്ചു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ ധർമ്മങ്ങൾ പുനർനിർവചിക്കുന്നതിന് നാം തയ്യാറായേ തീരൂ.

മൂന്ന്, ഈ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള സംഘടനാ പരിഷ്കാരങ്ങൾക്കു രൂപം നൽകി. ഊരാളുങ്കൽ എന്ന സഹകരണ സ്ഥാപനത്തിന്റെ കീഴിൽ ഐടിക്കും മറ്റു മേഖലകൾക്കും വേണ്ടി പ്രത്യേക കമ്പനികൾ സ്ഥാപിച്ചത് പുതിയൊരു അനുഭവമാണ്. പ്രശസ്തമായ മോൺഡ്ര ഗോണിന്റെ അനുഭവത്തിൽ നിന്നാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്.

നാല്, മേൽപ്പറഞ്ഞ പരിഷ്കാരങ്ങൾ നമ്മുടെ സാമാന്യയുക്തി വഴി കണ്ടെത്താനാകുന്നവയല്ല. അതിന് പ്രൊഫഷണൽ സഹായം കൂടിയേതീരൂ. കോഴിക്കോട് ഐ.ഐ.എം-ലെ വിദഗ്ദരുടെ സഹായത്തോടെയാണ് ഇവയ്ക്കായുള്ള വിശദമായരേഖ തയ്യാറാക്കിയത്.

അഞ്ച്, ഈ വൈവിധ്യവൽക്കരണവും നവീകരണവും മുന്നോട്ട് കൊണ്ടുപോകുമ്പോഴും സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കില്ലായെന്ന് എങ്ങനെ ഉറപ്പുവരുത്താം? സഹകരണ സ്ഥാപനങ്ങൾ വിജയിക്കുമ്പോൾ അനിവാര്യമായി ഉണ്ടാകാവുന്ന അധ:പതന പ്രവണതകൾ മാർക്സ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സഹകരണ പാരമ്പര്യങ്ങളിൽ ഊന്നിക്കൊണ്ട് ഊരാളുങ്കലിന് ഈയൊരു അപകടം ഒഴിവാക്കാൻ കഴിഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ അംഗങ്ങളുടെയോ രമേശന്റെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ അനുഭാവത്തെക്കുറിച്ച് ആർക്കും സംശയമുണ്ടാകേണ്ടതില്ല. എന്നാൽ സഹകരണ സംഘത്തെ കക്ഷിരാഷ്ട്രീയത്തിലെ ഒരു കരുവാക്കാതെ എല്ലാവർക്കും സഹകരിക്കാവുന്ന വേദിയായി നിലനിർത്തുന്നതിൽ പാലേരി രമേശൻ വിജയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ കാലത്ത് മാത്രമാണ് ഇതിനൊരപവാദം ഉണ്ടായത്. ഒട്ടേറെ സങ്കുചിതമായ വിമർശനങ്ങൾ യുഡിഎഫ് ഉയർത്തി.

അവയോടുപോലും ഏറെ സമചിത്തതയോടെയാണ് രമേശൻ പ്രതികരിച്ചത്. അതുകൊണ്ടുകൂടിയാകാം ഭരണമാറ്റം ഊരാളുങ്കൽ സൊസൈറ്റിയോടുള്ള സർക്കാരിന്റെ സമീപനത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റവും ഇതുവരെ സൃഷ്ടിക്കാത്തത്.

മാതൃഭൂമി പത്രം രമേശൻ പാലേരിയുടെ നിര്യാണത്തിൽ ആദരവുകൾ അർപ്പിച്ചുകൊണ്ട് എഴുതിയ മുഖപ്രസംഗവും വിശദമായ ലേഖനങ്ങളും റിപ്പോർട്ടുകളും വായിച്ചപ്പോൾ സന്തോഷം തോന്നി. രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ അഭിമാനമായ ഈ സ്ഥാപനത്തിനുനേരെ ചൊരിയപ്പെട്ട ആക്ഷേപങ്ങൾ കഴുകിക്കളയുന്നതിന് പര്യാപ്തമാണ് അതിലെ ഓരോ ലേഖനവും. മാതൃഭൂമിയുടെ എഡിറ്റോറിയൽ അവസാനിക്കുന്നത് ഇങ്ങനെയാണ്:

> "ഊരാളുങ്കൽ എന്നത് ഇന്നു കേരളത്തിൽ സത്പേരിന്റെ പര്യായപദമായി മാറിയിരിക്കുന്നു. ആ വാക്കു മൊഴിയുമ്പോഴും ശ്രവിക്കുമ്പോഴും മലയാളിയുടെ മുഖംവിടരുന്നു. അങ്ങനെ അഭിമാനിക്കാൻ ഈ നാടിനു വകനൽകിയ രമേശൻ പാലേരി എന്ന കർമഗോപുരത്തിന് മാതൃഭൂമി ആദരത്തിന്റെ ശതകോടി വാടാമലരുകൾ അർപ്പിക്കുന്നു."

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375912/tm-thomas-isaac-paleri-rameshan-uralungal-model-obituary)