---
title: "കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; വാണിമേലിൽ യാത്രാ നിയന്ത്രണം, ​വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു "
english_title: "Kozhikode Red Alert: Heavy Rain, Travel Ban In Vanimel, Waterlogging Reported"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375907/kozhikode-red-alert-heavy-rain-vanimel-tourist-ban-waterlogging-"
published_at: "2026-08-01T11:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d857de9e05_kozhikode-red-alert-heavy-rain-vanimel-tourist-ban-waterlogging.jpg"
keywords: ["Kozhikode Rain", "Red Alert", "Vanimel", "Thonikkayam", "Thirigakkayam", "Kerala Weather", "Kerala Rain"]
---

# കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; വാണിമേലിൽ യാത്രാ നിയന്ത്രണം, ​വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് മഴയുടെ പശ്ചാത്തലത്തിൽ വാണിമേൽ പഞ്ചായത്തിൽ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് മഴയുടെ പശ്ചാത്തലത്തിൽ വാണിമേൽ പഞ്ചായത്തിൽ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വാണിമേൽ പഞ്ചായത്തിലെ തോണിക്കയം, തിരിഗക്കയം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്നത്തെ ദിവസം പൊതുജനങ്ങൾക്കും സന്ദർശകർക്കും പൂർണ്ണമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മാവൂർ റോഡ് കോട്ടുളിയിലും ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളം കയറി. ഈങ്ങാപ്പുഴ പയോണ ഭാഗത്ത് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയതായി റിപ്പോർട്ടുകൾ ഉണ്ട്. മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.

ഇതിനിടയിൽ കാരശ്ശേരി മലാംകുന്നിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് വീട് കടുത്ത അപകടാവസ്ഥയിലായി. വീടിന് ഭീഷണി നേരിട്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണെന്നും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. Weather

എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375907/kozhikode-red-alert-heavy-rain-vanimel-tourist-ban-waterlogging-)