---
title: "  ചുരം ഇറങ്ങുകയോ കയറുകയോ വേണ്ട....! വയനാട്ടിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ"
english_title: "Wayanad Heavy Rain: Restrictions Imposed On Thamarassery Ghat Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375903/wayanad-heavy-rain-thamarassery-ghat-restrictions-collector-alert"
published_at: "2026-08-01T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d8080ea567_wayanad-heavy-rain-thamarassery-ghat-restrictions-collector-alert.jpg"
keywords: ["Wayanad Rain", "Thamarassery Ghat", "Landslide", "Kerala Weather", "Kozhikode", "Kerala Rain"]
---

#   ചുരം ഇറങ്ങുകയോ കയറുകയോ വേണ്ട....! വയനാട്ടിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ

> **Lead Summary:** **കൽപ്പറ്റ: **വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചും അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

## Article Content

**കൽപ്പറ്റ: **വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചും അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നും കളക്ടർ വ്യക്തമാക്കി.

സുരക്ഷ മുൻനിർത്തി ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനകളും പോലീസും സ്ഥലത്ത് സജ്ജമായി രംഗത്തുണ്ട്.  അതേസമയം കോട്ടയം ജില്ലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മരണപ്പെട്ടു.

അപകടത്തിൽപ്പെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണു വീണ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറി. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ വീട് തകർന്ന് അടൂർമല സ്വദേശി രവിയുടെ ഭാര്യ സുമതിയും മരണപ്പെട്ടു. കോട്ടയം ജില്ലയിൽ നിലവിൽ ആറ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നിർദ്ദേശങ്ങൾ പാലിച്ച് മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375903/wayanad-heavy-rain-thamarassery-ghat-restrictions-collector-alert)