---
title: "മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു, ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ച് മുഖ്യമന്ത്രി"
english_title: "Kerala Rain Havoc: 3 Dead, Landslides In Idukki, Pathanamthitta, Rescue Operations On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375900/kerala-heavy-rain-deaths-landslide-idukki-pathanamthitta-rescue-new"
published_at: "2026-08-01T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7f6b56b21_kerala-heavy-rain-deaths-landslide-idukki-pathanamthitta-rescue-new.jpg"
keywords: ["Kerala Rain", "Landslide", "Idukki", "Pathanamthitta", "Ranni", "Pamba", "VD Satheesan", "NDRF"]
---

# മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു, ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണെന്നും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മയും, പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവും മരിച്ചു. പയ്യാനിത്തോട്ടത്തിൽ അമ്മയെ കാണാതായിട്ടുമുണ്ട്. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും ജീവൻ നഷ്ടമായി. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കൂടാതെ, മലമ്പുഴയിലെ കവയിലും പ്രവേശനം പൂർണ്ണമായി വിലക്കിയിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

**
**

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375900/kerala-heavy-rain-deaths-landslide-idukki-pathanamthitta-rescue-new)