---
title: "ജാഗ്രത..! ജലനിരപ്പ് ഉയരുന്നു; നെയ്യാർ, അരുവിക്കര, മംഗലം ഡാമുകളുടെ ഷട്ടറുകൾ തുറന്നു"
english_title: "Neyyar Aruvikkara Dams To Open Shutters In Thiruvananthapuram, Mangalam Dam In Palakkad On Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375871/neyyar-aruvikkara-mangalam-dam-shutter-opened-kerala-rain-alert-"
published_at: "2026-08-01T09:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d69cad158f_neyyar-aruvikkara-mangalam-dam-shutter-opened-kerala-rain-alert-.jpg"
keywords: ["Neyyar Dam", "Aruvikkara Dam", "Mangalam Dam", "Kerala Rain", "Dam Shutter", "Red Alert"]
---

# ജാഗ്രത..! ജലനിരപ്പ് ഉയരുന്നു; നെയ്യാർ, അരുവിക്കര, മംഗലം ഡാമുകളുടെ ഷട്ടറുകൾ തുറന്നു

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. തിരുവനന്തപുരം നെയ്യാർ, അരുവിക്കര ഡാമുകളും പാലക്കാട്ടെ മംഗലം ഡാമുമാണ് തുറന്നത്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. തിരുവനന്തപുരം നെയ്യാർ, അരുവിക്കര ഡാമുകളും പാലക്കാട്ടെ മംഗലം ഡാമുമാണ് തുറന്നത്.

നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില പിന്നിട്ടതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും രാവിലെ 7.30-ഓടെ 20 സെന്റിമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) ഉയർത്തി. അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ രാവിലെ 6.30-ഓടെ 40 സെന്റിമീറ്റർ വീതം (ആകെ 200 സെന്റിമീറ്റർ) ഉയർത്തിയിട്ടുണ്ട്.

ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ കർശന ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ഇതിനുപുറമെ, പാലക്കാട് ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് മംഗലം ഡാമിന്റെ ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്നാണ് ഈ നടപി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഡാമുകളുടെ താഴെത്തട്ടിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്ടിൽ ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റ് ജില്ലകളിൽ ഇന്ന് പുലർച്ചയോടെയാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375871/neyyar-aruvikkara-mangalam-dam-shutter-opened-kerala-rain-alert-)