---
title: "കനത്ത മഴയിൽ പ്രകൃതി കലിതുള്ളുന്നു; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു"
english_title: "Landslide In Ponmudi After Heavy Rain, Eco Tourism Centre Closed, Nelliyampathy Shut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375869/ponmudi-landslide-eco-tourism-closed-nelliyampathy-restricted-"
published_at: "2026-08-01T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d6a1201a09_ponmudi-landslide-eco-tourism-closed-nelliyampathy-restricted-.jpg"
keywords: ["Ponmudi", "Landslide", "Thiruvananthapuram", "Nelliyampathy", "Kerala Rain", "Eco Tourism", "Travel Alert"]
---

# കനത്ത മഴയിൽ പ്രകൃതി കലിതുള്ളുന്നു; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

തിരുവനന്തപുരം പൊൻമുടിയിലും പാലക്കാട് നെല്ലിയാമ്പതിയിലും ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിലിനുമടുത്തും റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.

പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് നിഗമനം. ഇതേത്തുടർന്ന് ഈ പാതയിൽ ഗതാടകം പൂർണ്ണമായി തടസ്സപ്പെട്ടിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

കൂടാതെ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനവും ഇന്ന് നാളെയുമായി അധികൃതർ വിലക്കിയിട്ടുണ്ട്. കൊല്ലം അച്ചൻകോവിൽ ഉൾവനത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഇതുവരെ ആറു കേന്ദ്രങ്ങളില്ലാണ് ക്യാമ്പുകള്‍ തുറന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375869/ponmudi-landslide-eco-tourism-closed-nelliyampathy-restricted-)