---
title: "അതിശക്തമായ മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ജനങ്ങള്‍ ജാഗ്രത പലിക്കണമെന്ന് ജില്ലാ കളക്ടര്‍"
english_title: "Kottayam Collector Alert: Manimala Meenachil River Banks, 6 Relief Camps Open"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375855/kottayam-flood-alert-manimala-meenachil-relief-camps-control-room"
published_at: "2026-08-01T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d58ff566a3_kottayam-flood-alert-manimala-meenachil-relief-camps-control-room.jpg"
keywords: ["Flood Alert", "Kottayam", "Collector Chetan Kumar Meena", "Relief Camps", "Kerala Rain"]
---

# അതിശക്തമായ മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ജനങ്ങള്‍ ജാഗ്രത പലിക്കണമെന്ന് ജില്ലാ കളക്ടര്‍

> **Lead Summary:** കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

## Article Content

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു.

എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഇതുവരെ ആറു കേന്ദ്രങ്ങളില്ലാണ് ക്യാമ്പുകള്‍ തുറന്നത്.

ജെ.ജെ മര്‍ഫി സ്കൂള്‍ എന്തയാര്‍, സി.എം.എസ് എല്‍.പി സ്കൂള്‍ കൂട്ടിക്കല്‍, ശങ്കര്‍ മെമ്മോറില്‍ സ്കൂള്‍ ഇളംകാട്, തുഷാര ക്ലബ് പെരുന്തുരുത്ത്, സി.എം.എസ് എള്‍.പി സ്കൂള്‍ മുണ്ടക്കയം, സെന്‍റ് ജോസഫ് ഹൈസ്കൂള്‍ പുത്തന്‍ചന്ത എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകള്‍ തുറന്നു. ഫോണ്‍ നമ്പരുകള്‍ ചുവടെ.

**ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236**

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

**കോട്ടയം-** 85479 85727

**ചങ്ങനാശേരി- **9496014587

**മീനച്ചില്‍-**9496686325

**കാഞ്ഞിരപ്പള്ളി-**9495265800

**വൈക്കം- **9496174871

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ഉടൻ ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375855/kottayam-flood-alert-manimala-meenachil-relief-camps-control-room)