---
title: "കലിതുള്ളി പെരുമഴ...! സംസ്ഥാനത്ത് ശക്തമായ മഴയിൽ രണ്ട് മരണം; ഒരാൾക്കായി തിരച്ചിൽ, ഇടുക്കിയിലും കോട്ടയത്തും വൻനാശ നഷ്ടം"
english_title: "Kerala Heavy Rain: 2 Dead in Landslides at Idukki and Kottayam, 8 Districts Declare Holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375854/kerala-heavy-rain-landslide-2-dead-idukki-kottayam-holiday"
published_at: "2026-08-01T07:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d54b6286bf_kerala-heavy-rain-landslide-2-dead-idukki-kottayam-holiday.jpg"
keywords: ["Kerala Rain", "Landslide", "Death", "School Holiday", "Kerala Weather"]
---

# കലിതുള്ളി പെരുമഴ...! സംസ്ഥാനത്ത് ശക്തമായ മഴയിൽ രണ്ട് മരണം; ഒരാൾക്കായി തിരച്ചിൽ, ഇടുക്കിയിലും കോട്ടയത്തും വൻനാശ നഷ്ടം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. സുമതിയെന്നയാളാണ് മരിച്ചത്. സുമതിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. സുമതിയെന്നയാളാണ് മരിച്ചത്. സുമതിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു.

ഭര്‍ത്താവ് രവിയും മകനും രക്ഷപ്പെട്ടു. എൻഡിആർഎഫ് സേനാംഗങ്ങളും തൊടുപുഴ മൂലമറ്റം ഫയർ ഫോഴ്‌സ് സേനാംഗങ്ങളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മണ്ണിടിഞ്ഞത്. കനത്ത മഴയെ തുടർന്ന് രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ജെസിബിയും ഹിറ്റാച്ചിയും ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തെരച്ചിൽ.

ഇടുക്കി കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ കാണാതായ വൈക്കം സ്വദേശി പ്രഭാകരനായി തിരച്ചിൽ പുരോഗമിക്കുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധു ലീലാമണി രക്ഷപ്പെട്ടു.

കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണം സ്ഥിരീകരിച്ചു. മണപ്പാട്ട് ജോണിയുടെ മകനാണ് മരിച്ചതെന്നാണ് വിവരം. ജോണിയുടെ ഭാര്യയും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. മലയില്‍ നിന്ന് ഉരുള്‍ പൊട്ടി വരികയായിരുന്നുവെന്ന് പ്രദേശവാസിയായ മനീഷ് പറഞ്ഞു.

മുണ്ടക്കയം കോസ് വേ വെള്ളം കയറി മുങ്ങി. പലയിടത്തും വീടുകളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗത തടസമുണ്ടായി. ഇടുക്കി ഏലപ്പാറയിലും വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്.

പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയില്‍ കോന്നി നെല്ലിക്കാപാറയില്‍ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സീതത്തോട് വീടുകളില്‍ വെള്ളം കയറി.കക്കാട്ട് ആറിലെ ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു.

പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി.ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.

അതേസമയം, സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375854/kerala-heavy-rain-landslide-2-dead-idukki-kottayam-holiday)