---
title: "കോഴിക്കോടും അവധി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എട്ട് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു "
english_title: "Kerala Rains: 8 Districts Holiday, Landslides in Idukki and Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375853/kerala-heavy-rain-8-district-holiday-landslide-idukki-kottayam"
published_at: "2026-08-01T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d50cb7fc96_kerala-heavy-rain-8-district-holiday-landslide-idukki-kottayam.jpg"
keywords: ["Kerala Rain", "School Holiday", "IMD", "Kerala Weather"]
---

# കോഴിക്കോടും അവധി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എട്ട് ജില്ലകളിൽ‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു 

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വയനാട്ടിൽ ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റ് ജില്ലകളിൽ ഇന്ന് പുലർച്ചയോടെയാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ട് ആണ്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.

വിവിധയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40–50 കി.മീ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനം പാടില്ല.

അതേസമയം ഇടുക്കിയില്‍ കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി. ഒരുവീട് പൂര്‍ണമായും മണ്ണിനടിയില്‍. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിക്കായാണ് തിരച്ചിൽ. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി.

ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത്‌ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ഒരാൾ കുടുങ്ങി കിടക്കുന്നു. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈരാറ്റുപേട്ട– വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ.റോഡിൽ വെള്ളം കയറി.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ച് പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിലായി.

കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടി. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വെ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി.

തൊടുപുഴ റോഡിലും ടൗണിലും വെള്ളക്കെട്ട്. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി. മണിമല ആറ്റിൽ വെള്ളം കൂടിയതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണിമല ടൗൺ, മണ്ണനാണി, വാഴൂർ, മണിമല റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡും വെള്ളത്തിലായി.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375853/kerala-heavy-rain-8-district-holiday-landslide-idukki-kottayam)