---
title: "രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോഴിക്കോട് പൗരാവലി; മികച്ച സഹകാരിയെയാണു നാടിനു നഷ്ടമായതെന്ന് പ്രമുഖർ"
english_title: "Kozhikode Pays Tribute to ULCCS Chairman Rameshan Paleri for Cooperative Leadership"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375846/kozikhode-citizens-condolence-meeting-rameshan-paleri-ulccs"
published_at: "2026-07-31T23:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ce1ebcd1e3_kozikhode-citizens-condolence-meeting-rameshan-paleri-ulccs.jpg"
keywords: ["Rameshan Paleri", "ULCCS", "Condolence Meeting", "Kozhikode News"]
---

# രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോഴിക്കോട് പൗരാവലി; മികച്ച സഹകാരിയെയാണു നാടിനു നഷ്ടമായതെന്ന് പ്രമുഖർ

> **Lead Summary:** കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ വേർപാടിൽ കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു. കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു.

## Article Content

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ വേർപാടിൽ കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു. കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു.

മുൻ മന്ത്രിയും എംഎൽഎയുമായ പി. എ. മുഹമ്മദ് റിയാസ് ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

സാധാരണ തൊഴിലാളികളുടെ കൂട്ടായ്മയെ എത്രത്തോളം ഉയരങ്ങളിലേക്കു നയിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നു രമേശൻ പാലേരി എന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച് മേയർ ഒ. സദാശിവൻ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി അഴിമതിരഹിതമായ വികസനം സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു.

റോബർട്ട് ഓവൻ പുരസ്കാരത്തിന് അർഹനായ അദ്ദേഹം രാജ്യത്തെ എട്ടുലക്ഷത്തോളം വരുന്ന സഹകരണസംഘങ്ങളിൽ ഊരാളുങ്കലിനെ രണ്ടാമത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം ബാക്കി വെച്ച സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കുമെന്നും മേയർ പ്രമേയത്തിൽ പറഞ്ഞു.

റോഡുകളും പാലങ്ങളും ഉൾപ്പെടെ കിഫ്ബി വഴി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യവികസനപദ്ധതികളിലൂടെ ഊരാളുങ്കൽ സൊസൈറ്റി വരുത്തിയ മാറ്റങ്ങൾ എടുത്തുപറയേണ്ടതാണെന്ന് എം.എൽ.എ അഡ്വ. പി. എ. മുഹമ്മദ് റിയാസ് അനുസ്മരിച്ചു. കൃത്യസമയത്തിനു മുമ്പുതന്നെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതാണ് യു എൽസിസിഎസിന്റെ രീതി.

റോഡ്, പാലം നിർമ്മാണങ്ങൾക്കുപുറമെ ടൂറിസം, ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിലും വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും സ്വന്തം മണ്ഡലങ്ങളിൽ സൊസൈറ്റിയുടെ പ്രവൃത്തികൾ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് രമേശൻ പാലേരിയുടെ മികച്ച നേതൃത്വത്തിൽ യുഎൽസിസിഎസ് കൂടുതൽ വികസന പദ്ധതികൾ ഏറ്റെടുത്ത് നടത്തുകയും ജനശ്രദ്ധ നേടുകയും ചെയ്തതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി. എം. നിയാസ് പറഞ്ഞു. സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ അനുസ്മരിച്ചു. ക്രാന്തദർശിയായ ഒരു നേതാവായിരുന്നു രമേശൻ പാലേരിയെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമാണ് കോഴിക്കോടിനെ കേരളത്തിന്റെ ഐ.ടി ഭൂപടത്തിൽ ഇടംപിടിക്കാൻ സഹായിച്ചതെന്നും എന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

രമേശൻ പാലേരി തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയായിരുന്നുവെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ പി. വി. ചന്ദ്രൻ അഭിപ്രായപ്പെട്ടു. രാമനാട്ടുകരയിലെ മാതൃഭൂമിയുടെ കെട്ടിടങ്ങൾ ഉൾപ്പെടെ വളരെ വേഗത്തിലാണ് അദ്ദേഹം നിർമ്മിച്ചുനൽകിയത്. ആ വ്യക്തിബന്ധവും കടപ്പാടും എന്നും മനസ്സിലുണ്ടാകുമെന്നും അദ്ദേഹം ഓർത്തെടുത്തു.

വാഗ്ഭടാനന്ദ ഗുരുദേവൻ തുടക്കമിട്ട പ്രസ്ഥാനത്തെ ഇന്നത്തെ വൻവളർച്ചയിലേക്കു നയിച്ചത് രമേശൻ പാലേരിയാണെന്ന് കേരള സംസ്ഥാന സഹകരണബാങ്ക് പ്രസിഡൻ്റ് പി. മോഹനൻ മാസ്റ്റർ പറഞ്ഞു. പതിനായിരക്കണക്കിനു തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോഴും അവരിൽ ഒരാളായി മാത്രമാണ് അദ്ദേഹം നിലകൊണ്ടത്.

സങ്കീർണ്ണമായ ഏതു പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം, പ്രശസ്തി ആഗ്രഹിക്കാതെ എന്നും പിന്നണിയിൽ നിന്നു പ്രവർത്തിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും മോഹനൻ മാസ്റ്റർ അനുസ്മരിച്ചു.

സഹകരണസംഘം ജോയിൻ്റ് രജിസ്ട്രാർ കെ. ഷീജ, കാലിക്കട്ട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഇ. പി. മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡൻ്റ് യു. അബ്ദു റഹിമാൻ, മുൻ മേയർ ഡോ. ബീന ഫിലിപ്പ്, ടി. വി. ബാലൻ (സിപിഐ), മുക്കം മുഹമ്മദ്‌ (എൻസിപി), മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് സി. ഇ. ചാക്കുണ്ണി, അഡ്വ. സൂര്യ നാരായണൻ, കെ. ഭാസ്കർ,

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പി. പ്രകാശ് ബാബു,സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, മുൻ എം.എൽ.എ-മാരായ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്‌ കുമാർ എന്നിവരും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ സ്വാഗതവും യുഎൽസിസിഎസ് ഡയറക്ടർ ഷിജിൻ ടി ടി നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375846/kozikhode-citizens-condolence-meeting-rameshan-paleri-ulccs)