---
title: "കൊലക്കേസിൽ സ്വാതന്ത്ര്യ ദിന നറുക്കെടുപ്പിലൂടെ ജയിൽ മോചനം; ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതി, സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍ മാത്യു പൊലീസില്‍ കീഴടങ്ങി"
english_title: "Alappuzha Orphanage Sexual Harassment Case: Social Activist Albin Mathew Surrenders to Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375834/alappuzha-albin-mathew-arrested-sexual-harassment-case"
published_at: "2026-07-31T20:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cbf8cabb11_alappuzha-albin-mathew-arrested-sexual-harassment-case.jpg"
keywords: ["Sexual Harassment", "Albin Mathew", "Crime News", "Alappuzha News"]
---

# കൊലക്കേസിൽ സ്വാതന്ത്ര്യ ദിന നറുക്കെടുപ്പിലൂടെ ജയിൽ മോചനം; ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതി, സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍ മാത്യു പൊലീസില്‍ കീഴടങ്ങി

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ അഗതി മന്ദിരത്തിലെ ജീവനക്കാരിയെ ലൈംഗികമായി അപമാനിച്ച കേസിൽ സാമൂഹിക പ്രവർത്തകൻ ആൽബിൻ മാത്യു പൊലീസിൽ കീഴടങ്ങി. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും ജീവനക്കാരി പുറത്തുവിട്ടതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.

## Article Content

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ അഗതി മന്ദിരത്തിലെ ജീവനക്കാരിയെ ലൈംഗികമായി അപമാനിച്ച കേസിൽ സാമൂഹിക പ്രവർത്തകൻ ആൽബിൻ മാത്യു പൊലീസിൽ കീഴടങ്ങി. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും ജീവനക്കാരി പുറത്തുവിട്ടതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.

പൊലീസ് ആൽബിൻ മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആൽബിന്റെ പുന്നപ്രയിലുള്ള ശാന്തി ഭവൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി 3 മാസങ്ങൾക്ക് മുൻപാണ് ഇവിടെ ജോലിക്ക് ചേർന്നത്. ഒരാഴ്ചയോളമായി ആൽബിൻ മാത്യു ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറഞ്ഞു.

സംഭവം സ്ഥാപനത്തിലെ മാനേജറെ അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മറിച്ച് മാനേജർ ആൽബിൻ മാത്യുവിനോട് കാര്യം ചോദിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു.

തുടർന്ന് തനിക്കെതിരെ മോഷണക്കുറ്റം ആരോപിച്ചെന്നും പൊലീസിൽ പരാതിപ്പെടാതിരിക്കാൻ ഒരു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി ആരോപിച്ചു. ഒടുവിൽ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും പുറത്തുവിട്ടതോടെയാണ് കേസ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

മൂന്ന് കൊലപാതക കേസുകളിൽ അടക്കം പ്രതിയായിരുന്ന ആൽബിൻ മാത്യു 'ഇറച്ചി ആൽബിൻ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 20 വർഷം മുൻപ് ജയിലിൽ കഴിയുന്നതിനിടെ സ്വാതന്ത്ര്യ ദിനത്തിലെ നറുക്കെടുപ്പിലൂടെയാണ് ഇയാൾക്ക് മോചനം ലഭിച്ചത്.

ജയിൽ മോചിതനായ ശേഷം ആൽബിൻ മാത്യു ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ശാന്തി ഭവൻ എന്ന പേരിൽ അഗതി മന്ദിരം നടത്തിവരികയായിരുന്നു.

സ്ഥാപനത്തിന് പുറത്തുനിന്ന് വലിയ തോതിൽ ഫണ്ട് ലഭിക്കുന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ലൈംഗികാധിക്ഷേപ പരാതിയും ഉയർന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375834/alappuzha-albin-mathew-arrested-sexual-harassment-case)