---
title: "കനത്ത മഴയിൽ പുഴ കരകവിഞ്ഞു; പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ കാര്‍  ഒഴുക്കിൽപെട്ട് അമ്മയ്ക്കും രണ്ട്  മക്കൾക്കും ദാരുണാന്ത്യം, ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Mother and Two Daughters Die as SUV Swept Away in Floods in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375832/maharashtra-suv-swept-away-flood-mother-daughters-died"
published_at: "2026-07-31T20:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cbd1dafe18_maharashtra-suv-swept-away-flood-mother-daughters-died.jpg"
keywords: ["SUV Accident", "Maharashtra Floods", "Heavy Rain", "Family Death"]
---

# കനത്ത മഴയിൽ പുഴ കരകവിഞ്ഞു; പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ കാര്‍  ഒഴുക്കിൽപെട്ട് അമ്മയ്ക്കും രണ്ട്  മക്കൾക്കും ദാരുണാന്ത്യം, ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** അഹല്യനഗർ: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ എസ്‌യുവി കാർ ഒഴുക്കിൽപ്പെട്ട് അമ്മയും രണ്ട് പെൺമക്കളും മരിച്ചു. യവത്മാൽ ജില്ലയിലെ ദർവ പ്രദേശത്ത് വ്യാഴ്ച ഉണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

അഹല്യനഗർ: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ എസ്‌യുവി കാർ ഒഴുക്കിൽപ്പെട്ട് അമ്മയും രണ്ട് പെൺമക്കളും മരിച്ചു. യവത്മാൽ ജില്ലയിലെ ദർവ പ്രദേശത്ത് വ്യാഴ്ച ഉണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭർത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവരുടെ മൃതദേഹങ്ങളും തകർന്ന വാഹനവും ദുരന്തനിവാരണ സേന കണ്ടെത്തിയത്. വ്യാഴ്ച അഹല്യനഗർ ജില്ലയിലെ ലോണി പ്രദേശത്തേക്ക് കുടുംബം യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.

കനത്ത മഴയെത്തുടർന്ന് യവത്മാൽ ജില്ലയിലെ കുപ്തി നദി കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. എന്നിട്ടും പാലം മുറിച്ചുകടക്കാൻ ശ്രമിച്ചതോടെ കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വെള്ളത്തിന്റെ ശക്തിയിൽ വാഹനം ഒലിച്ചുപോകാൻ തുടങ്ങി.

വാഹനം ഒലിച്ചുപോകുന്നത് കണ്ട ഭർത്താവ് ധൈര്യം സംഭരിച്ച് കാറിൽ നിന്ന് പുറത്തുചാടി. അടുത്തുണ്ടായിരുന്ന ഒരു മരത്തിൽ പിടിച്ചാണ് അദ്ദേഹം ജീവൻ രക്ഷിച്ചത്. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും പുറത്തിറങ്ങാൻ സാധിച്ചില്ല.

വെള്ളത്തിന്റെ ഒഴുക്കിൽ കാർ ഒലിച്ചുപോവുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും ദേശീയ ദുരന്തനിവാരണ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

രാത്രി മുഴുവൻ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയോടെ മൂന്ന് പേരുടെയും മൃതദേഹങ്ങളും ഒഴുക്കിൽപ്പെട്ട വാഹനവും കണ്ടെടുക്കുകയായിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. യവത്മാൽ ഉൾപ്പെടെ പല ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നദികളും തോടുകളും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ട കുടുംബത്തിന് സംസ്ഥാന സർക്കാർ ആശ്വാസധനം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375832/maharashtra-suv-swept-away-flood-mother-daughters-died)