---
title: "പണക്കൊതി കൈയ്യോടെ പൊക്കി...! ഭൂമി തരംമാറ്റത്തിന് 5000 രൂപ കൈക്കൂലി; മുട്ടത്തറ വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ"
english_title: "Village Assistant Arrested by Vigilance for Accepting Rs 5000 Bribe in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375831/thiruvananthapuram-village-assistant-caught-taking-bribe"
published_at: "2026-07-31T20:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cb69e31806_thiruvananthapuram-village-assistant-caught-taking-bribe.jpg"
keywords: ["Bribery Case", "Land Conversion", "Vigilance", "Thiruvananthapuram News"]
---

# പണക്കൊതി കൈയ്യോടെ പൊക്കി...! ഭൂമി തരംമാറ്റത്തിന് 5000 രൂപ കൈക്കൂലി; മുട്ടത്തറ വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: ( ഭൂമി തരംമാറ്റി നൽകാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുട്ടത്തറ വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് സ്വദേശി അസറുദ്ദീനാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

## Article Content

തിരുവനന്തപുരം: ( ഭൂമി തരംമാറ്റി നൽകാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുട്ടത്തറ വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് സ്വദേശി അസറുദ്ദീനാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെ സ്ഥലത്തിന്റെ തരംമാറ്റ അപേക്ഷ അനാവശ്യമായി വൈകിച്ച ശേഷമാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. വള്ളക്കടവിൽ വീട് നിർമിക്കുന്നതിനായി വാങ്ങിയ സ്ഥലം ‘നിലം’ എന്ന രേഖയിൽ നിന്ന് തരംമാറ്റി കിട്ടുന്നതിനായി പരാതിക്കാരൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ അപേക്ഷ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ പുരോഗമിക്കുന്നില്ലെന്ന് കണ്ടതോടെ പരാതിക്കാരൻ കാര്യങ്ങൾ അന്വേഷിച്ചു. മുട്ടത്തറ വില്ലേജ് ഓഫിസിൽ അപേക്ഷ പെൻഡിങ് ആണെന്നാണ് അപ്പോൾ മനസ്സിലായത്. ഇതിനെ തുടർന്ന് പരാതിക്കാരൻ നേരിട്ട് ഓഫിസിലെത്തി വില്ലേജ് അസിസ്റ്റന്റായ അസറുദ്ദീനെ കണ്ടു.

സ്ഥലം നേരിട്ട് പരിശോധിച്ച ശേഷം അസറുദ്ദീൻ പരാതിക്കാരനോട് പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു. ‘ഭൂമി തരംമാറ്റി കിട്ടാൻ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ഫയൽ വേഗത്തിൽ നീക്കാൻ 5000 രൂപ കൈക്കൂലി നൽകണം’ എന്നായിരുന്നു ആവശ്യം.

കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഉടൻ തന്നെ വിവരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിച്ചു. വിജിലൻസ് നൽകിയ നിർദേശപ്രകാരം പരാതിക്കാരൻ നിശ്ചിത ദിവസം മുട്ടത്തറ വില്ലേജ് ഓഫിസിൽ എത്തി അസറുദ്ദീന് കൈക്കൂലി തുക കൈമാറി.

പണം കൈയിൽ കിട്ടിയ ഉടൻ തന്നെ ഓഫിസിന് പുറത്ത് നിലയുറപ്പിച്ചിരുന്ന വിജിലൻസ് സംഘം അകത്തേക്ക് കയറി അസറുദ്ദീനെ കയ്യോടെ പിടികൂടി.

അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത വിജിലൻസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. സാധാരണക്കാരെ പറ്റിച്ച് കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി തുടരുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375831/thiruvananthapuram-village-assistant-caught-taking-bribe)