---
title: "ദൈവസന്നിധിയിൽ പോലും.....! ക്ഷേത്രത്തിൽ തൊഴാനെത്തിയ 18-കാരിയെ കറയറിപ്പിടിച്ചു; പൂജാരിക്ക് 4 വർഷം കഠിന തടവും പിഴയും"
english_title: "Thrissur Temple Priest Sentenced to 4 Years Jail for Molesting 18-Year-Old Devotee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375827/thrissur-temple-priest-4-years-jail-molestation"
published_at: "2026-07-31T20:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cb3ef76d35_thrissur-temple-priest-4-years-jail-molestation.jpg"
keywords: ["Molestation of Women", "Priest Arrested", "Kerala Crime News", "Women Safety", "Thrissur News"]
---

# ദൈവസന്നിധിയിൽ പോലും.....! ക്ഷേത്രത്തിൽ തൊഴാനെത്തിയ 18-കാരിയെ കറയറിപ്പിടിച്ചു; പൂജാരിക്ക് 4 വർഷം കഠിന തടവും പിഴയും

> **Lead Summary:** തൃശൂർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്ത് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിൽ പൂജാരിക്ക് 4 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

തൃശൂർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്ത് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിൽ പൂജാരിക്ക് 4 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കർണാടക സംസ്ഥാനം, ദക്ഷിണ കന്നഡ ജില്ല, കൗവ്കർട്ടി വില്ലേജ് നെല്ലിത്തട്ക സ്വദേശി പ്രതീക് മെഹന്തൽ ആണ് ശിക്ഷിക്കപ്പെട്ടത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ. സുരേഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.

പിഴ തുകയായ 1 ലക്ഷം രൂപ നിശ്ചിത സമയത്ത് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ 8 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2025 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര അമ്പലത്തിൽ പ്രാർഥിക്കാൻ എത്തിയ യുവതിയോടാണ് പ്രതി മോശമായി പെരുമാറിയത്. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതീക് മെഹന്തൽ, തൊഴാനായി നിന്ന യുവതിയുടെ ദേഹത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിക്കുകയായിരുന്നു.

സംഭവത്തിൽ മാനസികമായി തകർന്ന യുവതി വീട്ടിലെത്തി വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്നത്തെ വാടാനപ്പള്ളി സ്റ്റേഷൻ എസ്.ഐ ആയിരുന്ന വിജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ. ശ്രീലക്ഷ്മി, എസ്.സി.പി.ഒ. ബൈജു എന്നിവരും അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന് വേണ്ടി 7 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകളും കേസുമായി ബന്ധപ്പെട്ട മുതലുകളും കോടതിയിൽ ഹാജരാക്കി. അതിജീവിതയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എ.എസ്.ഐ. സിന്ധു കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

വിശ്വാസത്തിന്റെ പേരിൽ ക്ഷേത്രങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് പോലും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ നൽകണമെന്നും വിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375827/thrissur-temple-priest-4-years-jail-molestation)