---
title: "സുഗതന്റെ അവധി അപേക്ഷ; മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തു, ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം"
english_title: "Probe Ordered Against Home Dept Under Secretary Over R Sugathan Leave Approval"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375821/r-sugathan-leave-home-dept-probe-mayor-vv-rajesh"
published_at: "2026-07-31T19:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ca3f3bdc81_r-sugathan-leave-home-dept-probe-mayor-vv-rajesh.jpg"
keywords: ["Thiruvananthapuram Corporation", "R Sugathan", "Home Minister", "Ramesh Chennithala"]
---

# സുഗതന്റെ അവധി അപേക്ഷ; മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തു, ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം

> **Lead Summary:** തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. അപേക്ഷയിൽ ആഭ്യന്തര മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

## Article Content

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. അപേക്ഷയിൽ ആഭ്യന്തര മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ടർ സെക്രട്ടർക്കെതിരെ നടപടി. സുഗതൻ നൽകിയ അവധി അപേക്ഷ ആദ്യം തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിനായി വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദേശിച്ചത് തദ്ദേശവകുപ്പ് ആണ്.

ഈ അഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി കത്ത് പുറപ്പെടുവിച്ചത്. തദ്ദേശ വകുപ്പിന്റെ അഭിപ്രായം ആഭ്യന്തരവകുപ്പിന്റെ ഭാഗമാക്കിയതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

രാഷ്ട്രീയ പ്രത്യാഘാതമുള്ള വിഷയത്തിൽ ഉന്നതരുടെ അനുമതിയില്ലാതെ കത്ത് നൽകിയത് ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ.

അതേസമയം ആർ സുഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിൽ നിന്ന് ആറ് മാസത്തേക്ക് അവധി നൽകിയ നടപടിയിൽ വിശദീകരണവുമായി മേയർ വി വി രാജേഷ് രംഗത്തെത്തി. അവധി അപേക്ഷ പൂർണമായും നിയമപരമാണെന്നാണ് മേയറുടെ നിലപാട്.

> വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം മേയർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി."ഒരു അംഗത്തിന്റെ അംഗത്വം സംരക്ഷിക്കേണ്ടത് മേയറുടെ ഉത്തരവാദിത്തമാണ്. ഇതിന് പിൻബലം ആഭ്യന്തര വകുപ്പ് സർക്കുലറാണ്.

> സുഗതന് അയോഗ്യത ഉണ്ടാകില്ലെന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പ് തന്നെയാണ്. സുഗതന് നൽകിയ മറുപടിയിലും അതാണ് പറയുന്നത്" - മേയർ പറഞ്ഞു.

സുഗതന്റെ അവധി അപേക്ഷയിൽ 'വോട്ടിനിട്ട് പാസാക്കാം' എന്ന നിർദേശമുണ്ട്. അവധി അംഗീകരിച്ച നടപടി നിയമപരമായി പരിശോധിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നിയമവശം കൂടി പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും സെക്രട്ടറി വ്യക്തമാക്കി.

കൗൺസിൽ യോഗത്തിൽ സുഗതന് അവധി നൽകിയതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടിയും മേയറുടെ വിശദീകരണവും ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375821/r-sugathan-leave-home-dept-probe-mayor-vv-rajesh)