---
title: "ശ്വാസം കിട്ടാതെ പിടഞ്ഞ് യുവാവ്; 108 ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ 21കാരൻ മരിച്ചു, ഗുരുതര ആരോപണവുമായി കുടുംബം "
english_title: "Madhya Pradesh 21 Year Old Kidney Patient Dies In 108 Ambulance Oxygen Cylinder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375820/madhya-pradesh-21-year-old-dies-108-ambulance-oxygen"
published_at: "2026-07-31T18:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ca0991b07b_madhya-pradesh-21-year-old-dies-108-ambulance-oxygen.jpg"
keywords: ["Bhopal", "108 Ambulance", "Oxygen", "Kidney Patient", "Health"]
---

# ശ്വാസം കിട്ടാതെ പിടഞ്ഞ് യുവാവ്; 108 ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ 21കാരൻ മരിച്ചു, ഗുരുതര ആരോപണവുമായി കുടുംബം 

> **Lead Summary:** **ഭോപ്പാൽ: **മധ്യപ്രദേശിൽ കിഡ്‌നി രോഗിയായ 21കാരൻ 108 ആംബുലൻസിൽ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തനക്ഷമല്ലായിരുന്നെന്ന് കുടുംബം പരാതിപ്പെട്ടു. അജിത് ബാരയ്യ എന്ന യുവാവാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്.

## Article Content

**ഭോപ്പാൽ: **മധ്യപ്രദേശിൽ കിഡ്‌നി രോഗിയായ 21കാരൻ 108 ആംബുലൻസിൽ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തനക്ഷമല്ലായിരുന്നെന്ന് കുടുംബം പരാതിപ്പെട്ടു. അജിത് ബാരയ്യ എന്ന യുവാവാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്.

കടുത്ത ശ്വാസതടസ്സത്തോടെയാണ് ഇദ്ദേഹത്തെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ ആരോഗ്യനില കൂടുതൽ വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ മാതാപിതാക്കൾക്കിടയിൽ യുവാവ് ഇരിക്കുന്നതും പെട്ടെന്ന് അബോധാവസ്ഥയിലാകുന്നതും കാണാം.

> ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന യുവാവിനെ മാതാപിതാക്കൾ ഇടയ്ക്കിടെ താങ്ങി ഇരുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓക്സിജൻ നൽകാനുള്ള സംവിധാനങ്ങൾ ആംബുലൻസിൽ ലഭ്യമായില്ലെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. "ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ടാണ് മകന് ശ്വാസം കിട്ടാതെ മരിക്കേണ്ടി വന്നത്" എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കിഡ്‌നി രോഗത്തിന് ചികിത്സയിലായിരുന്ന അജിത്തിനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനാണ് 108-ന് വിവരം നൽകിയത്. വൈറലായ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ഇതുവരെ ഉന്നത അധികാരികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

എന്നാൽ വീഡിയോ പരിശോധിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു. 108 ആംബുലൻസ് സർവീസിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് നാട്ടിൽ പ്രതിഷേധം ശക്തമാണ്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനത്തിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നത് ഗുരുതരമാണെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു. ആംബുലൻസുകളിലെ ഓക്സിജൻ ഉൾപ്പെടെയുള്ള അത്യാവശ്യ ഉപകരണങ്ങളുടെ പരിശോധന കർശനമാക്കണമെന്നും ആവശ്യമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375820/madhya-pradesh-21-year-old-dies-108-ambulance-oxygen)