---
title: "ഒരു നിമിഷത്തെ ദേഷ്യം പ്രാണനെടുത്തു....! കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തി ഭർതൃപിതാവ്"
english_title: "60-Year-Old Man Arrested for Killing Daughter-in-Law in Family Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375819/father-in-law-arrested-killing-daughter-in-law-family-dispute"
published_at: "2026-07-31T18:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ca0e635fc1_father-in-law-arrested-killing-daughter-in-law-family-dispute.jpg"
keywords: ["Murder", "Crime News", "Family Dispute", "Domestic Violence"]
---

# ഒരു നിമിഷത്തെ ദേഷ്യം പ്രാണനെടുത്തു....! കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തി ഭർതൃപിതാവ്

> **Lead Summary:** ബോലിഞ്ചി: കുടുംബ വഴക്കിനിടെ 28 കാരിയായ മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 60 കാരൻ അറസ്റ്റിൽ. കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ദാരുണ കൊലപാതകത്തിൽ കലാശിച്ചത്.

## Article Content

ബോലിഞ്ചി: കുടുംബ വഴക്കിനിടെ 28 കാരിയായ മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 60 കാരൻ അറസ്റ്റിൽ. കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ദാരുണ കൊലപാതകത്തിൽ കലാശിച്ചത്.

അറസ്റ്റിലായത് ഗണപത് സഖാറാം പാട്ടീൽ ആണ്. മരിച്ചത് മരുമകൾ പ്രാച്ചി കൽപേഷ് (28) ആണ്. തലയിടിച്ചാണ് യുവതി തൽക്ഷണം മരിച്ചത്.

ഭർതൃവീട്ടിലെ തർക്കത്തെ തുടർന്ന് പ്രാച്ചിയെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ വീട്ടിലെത്തിയിരുന്നു. ഈ സമയം പ്രാച്ചിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗണപതിന്റെ കയ്യിലായിരുന്നു. കുട്ടിയെ എടുക്കാൻ പ്രാച്ചി ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. 

കുട്ടിയെ വിട്ടുകൊടുക്കാൻ ഗണപത് തയാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ ദേഷ്യം മൂത്ത ഗണപത് പ്രാച്ചിയെ പിടിച്ചു തള്ളുകയായിരുന്നു.

നിലത്തടിച്ചുവീണ പ്രാച്ചിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു.

സംഭവത്തിന് മുൻപും ഗണപത് മരുമകളെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിലെ നിത്യ സംഘർഷങ്ങൾക്ക് ഇതും ഒരു കാരണമായിരുന്നു. പ്രാച്ചിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോലിഞ്ചി പൊലീസ് ഗണപത് സഖാറാം പാട്ടീലിനെതിരെ കൊലപാതകത്തിന് കേസെടുത്തു.

തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രാച്ചിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഇപ്പോൾ സഹോദരന്റെ സംരക്ഷണയിലാണ്. ഗാർഹിക പീഡനവും കൊലപാതകവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒരു നിമിഷത്തെ ദേഷ്യവും അക്രമവും ഒരു കുടുംബത്തെ തന്നെ തകർത്ത സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375819/father-in-law-arrested-killing-daughter-in-law-family-dispute)