---
title: "സ്വത്തുവിവരം മറച്ചുവെച്ചു: രാജീവ് ചന്ദ്രശേഖറിന്റെ നേമം വിജയം റദ്ദാക്കണമെന്ന് ശബരീനാഥ്, ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി"
english_title: "Sabarinath Files Plea in Kerala HC to Annul Rajeev Chandrasekhar's Nemom Win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375804/sabarinath-petition-rajiv-chandrasekhar-nemom-election-hc"
published_at: "2026-07-31T17:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c8c938f3ca_sabarinath-petition-rajiv-chandrasekhar-nemom-election-hc.jpg"
keywords: ["Rajeev Chandrasekhar", "Nemom MLA", "K.S Sabarinadhan", "Kerala High Court", "Election Petition"]
---

# സ്വത്തുവിവരം മറച്ചുവെച്ചു: രാജീവ് ചന്ദ്രശേഖറിന്റെ നേമം വിജയം റദ്ദാക്കണമെന്ന് ശബരീനാഥ്, ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി

> **Lead Summary:** തിരുവനന്തപുരം: സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവെച്ചെന്ന് ആരോപിച്ച് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ബംഗലുരുവിലെ 200 കോടി രൂപയുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ ചേർത്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

## Article Content

തിരുവനന്തപുരം: സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവെച്ചെന്ന് ആരോപിച്ച് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ബംഗലുരുവിലെ 200 കോടി രൂപയുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ ചേർത്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

കൂടാതെ 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരവും മനപൂർവം മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്നും ശബരീനാഥ് ഹർജിയിൽ ആവശ്യപ്പെട്ടു.

പത്രികാ സമർപ്പണ സമയത്ത് തന്നെ ഈ വിവരങ്ങൾ വരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് ശബരീനാഥ് ഹർജിയിൽ വ്യക്തമാക്കുന്നു. എന്നാൽ അപ്പോൾ പരിഹാരം കിട്ടാത്തതിനാൽ തെരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്യാനാണ് നിർദേശം ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു.

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചുള്ള സ്ഥാനാർത്ഥിത്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഇത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന ഗുരുതരമായ കാര്യമാണെന്നും ശബരീനാഥിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനൊപ്പം കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച വി മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയിൽ ഹർജി നൽകി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് കടകംപള്ളിയുടെ ഹർജിയിൽ ആരോപിക്കുന്നു.

ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹർജികളും ഹൈക്കോടതി ഉടൻ പരിഗണിക്കും. ആദ്യം ഹർജികൾ നിയമപരമായി നിലനിൽക്കുമോ എന്ന കാര്യമാണ് കോടതി പരിശോധിക്കുക.തെരഞ്ഞെടുപ്പ് ഹർജികളിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഹർജികൾ നിലനിൽക്കുമെന്ന് കോടതി കണ്ടാൽ വിശദമായ വാദം കേൾക്കുന്നതിലേക്ക് കേസ് നീങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375804/sabarinath-petition-rajiv-chandrasekhar-nemom-election-hc)