---
title: "വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ വിധി; അങ്കിത് ശർമ്മ വധക്കേസിൽ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ"
english_title: "Delhi Court Sentences Ex-AAP Councillor Tahir Hussain To Life In Ankit Sharma Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375802/delhi-court-tahir-hussain-life-sentence-ankit-sharma-murder-case"
published_at: "2026-07-31T17:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c8d251e3a8_delhi-court-tahir-hussain-life-sentence-ankit-sharma-murder-case.jpg"
keywords: ["Delhi Riots 2020", "Ankit Sharma", "Tahir Hussain", "AAP", "Karkardooma Court", "Life Imprisonment", "IB Officer"]
---

# വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ വിധി; അങ്കിത് ശർമ്മ വധക്കേസിൽ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ

> **Lead Summary:** **ദില്ലി: 2**020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹി കർക്കാർഡൂമ കോടതിയാണ് കേസിൽ നിർണായകമായ ഈ വിധി പുറപ്പെടുവിച്ചത്.

## Article Content

**ദില്ലി: 2**020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹി കർക്കാർഡൂമ കോടതിയാണ് കേസിൽ നിർണായകമായ ഈ വിധി പുറപ്പെടുവിച്ചത്.

വർഷങ്ങൾ നീണ്ട വിചാരണയ്ക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. കലാപത്തിനിടയിൽ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മ ക്രൂരമായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കർശനമായ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവ് ഉൾപ്പെട്ട കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ശക്തമായ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് പുറമെ ജാവേദ്, അനസ്, നസീം, കാസിം എന്നീ നാല് പ്രതികൾക്കുകൂടി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ഡൽഹി പൊലീസും പ്രത്യേക പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായാണ്  പ്രോസിക്യൂഷൻ വാദിച്ചത്.

പ്രതികളുടെ ആക്രമണം അതീവ ക്രൂരമായിരുന്നുവെന്നും സമാധാനാന്തരീക്ഷത്തെ തകർക്കുന്നതായിരുന്നു ഈ സംഭവമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ പ്രതികൾക്ക് തിരുത്തപ്പെടാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാകില്ല എന്നതിനാൽ വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375802/delhi-court-tahir-hussain-life-sentence-ankit-sharma-murder-case)