---
title: "ചായക്കൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഒരു കിളിക്കൂട് സ്നാക്ക് തയ്യാറാക്കാം "
english_title: "Kilikkoodu Recipe: Easy Chicken And Potato Evening Snack For Kids"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375787/kilikkoodu-chicken-potato-evening-snack-recipe-malayalam"
published_at: "2026-07-31T16:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7e68025a4_kilikkoodu-chicken-potato-evening-snack-recipe-malayalam.jpg"
keywords: ["Kilikkoodu", "Evening Snack", "Chicken Recipe", "Potato Snack", "Kids Recipe", "Tea Time Snack", "Malayalam Recipe"]
---

# ചായക്കൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഒരു കിളിക്കൂട് സ്നാക്ക് തയ്യാറാക്കാം 

> **Lead Summary:** രുചികരവും കൗതുകമുണർത്തുന്നതുമായ ഒരു ഈവനിംഗ് സ്നാക്ക് ആണ് 'കിളിക്കൂട്'. കോഴിയിറച്ചിയും കിഴങ്കും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ സ്നാക്ക് ആണ് കിളിക്കൂട്.

## Article Content

രുചികരവും കൗതുകമുണർത്തുന്നതുമായ ഒരു ഈവനിംഗ് സ്നാക്ക് ആണ് 'കിളിക്കൂട്'. കോഴിയിറച്ചിയും കിഴങ്കും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ സ്നാക്ക് ആണ് കിളിക്കൂട്.

കാണാൻ ഒരു ചെറിയ പക്ഷിക്കൂടിന്റെ രൂപത്തിലുള്ളതുകൊണ്ട് തന്നെ ഇത് കഴിക്കാൻ കുട്ടികൾക്ക് ഏറെ കൗതുകമായിരിക്കും. കോഴിയിറച്ചിയും കിഴങ്ങും ചേർത്ത് വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*ചിക്കൻ വേവിച്ച് പൊടിച്ചത് - 250 ഗ്രാം*

*ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് - 3 എണ്ണം*

*സവാള പൊടിയായി അരിഞ്ഞത് - 2 എണ്ണം*

*പച്ചമുളക് അരിഞ്ഞത് - 3 എണ്ണം*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ*

*ഗരം മസാല - അര ടീസ്പൂൺ*

*കുരുമുളക് പൊടി - അര ടീസ്പൂൺ*

*മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ*

*മല്ലിയില അരിഞ്ഞത് - ആവശ്യത്തിന്*

*സേമിയ (നൂഡിൽസ് പോലെയുള്ളത്) - ഒരു കപ്പ്*

*മൈദ - 2 ടേബിൾ സ്പൂൺ*

*കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ*

*ഉപ്പ് - ആവശ്യത്തിന്*

*വെളിച്ചെണ്ണ അല്ലെങ്കിൽ സസ്യഎണ്ണ - വറുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് വേവിച്ചു ഉടച്ചു വെച്ച ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ച് മാവ് പരുവത്തിലാക്കുക.

തയ്യാറാക്കിയ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകളെടുത്ത് കയ്യിൽ വെച്ച് പരത്തി ചെറിയ കിളിക്കൂടിന്റെ (പക്ഷിക്കൂട്) ആകൃതിയിൽ നടുഭാഗം കുഴിച്ചു വയ്ക്കുക. ഒരു പാത്രത്തിൽ മൈദയും കോൺഫ്ലോറും അല്പം വെള്ളവും ഉപ്പും ചേർത്ത് കട്ടിയില്ലാത്ത ദോശമാവ് പരുവത്തിൽ കലക്കി എടുക്കുക. സേമിയ കൈകൊണ്ട് ചെറുതായി ഒടിച്ചു വെക്കുക.

തയ്യാറാക്കി വെച്ച ഓരോ കിളിക്കൂടും മൈദ മിശ്രിതത്തിൽ മുക്കി, ശേഷം ഉടച്ചുവെച്ച സേമിയയിൽ പൊതിഞ്ഞെടുക്കുക (സേമിയ പുറത്ത് കിളിക്കൂട് പോലെ പറ്റിപ്പിടിച്ചിരിക്കണം). ഇത് ചൂടായ എണ്ണയിൽ വെന്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക.

രുചികരവും കാഴ്ചയിൽ കൗതുകമുള്ളതുമായ കിളിക്കൂട് സ്നാക്ക് തയ്യാർ! ഇതിന്റെ നടുവിലേക്ക് വേവിച്ച കാടമുട്ട വെച്ചും വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375787/kilikkoodu-chicken-potato-evening-snack-recipe-malayalam)