---
title: "മുത്തങ്ങ സമരക്കേസ്: പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ സലാമിനെ ആക്രമിച്ചതിന് എം. ഗീതാനന്ദൻ ഉൾപ്പെടെ 4 പേർക്ക് 5 വർഷം കഠിനതടവ്"
english_title: "Muthanga Case M Geethanandan 4 Others Sentenced 5 Years Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375718/muthanga-case-geethanandan-4-others-5-year-jail"
published_at: "2026-07-31T12:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c5441e594c_muthanga-case-geethanandan-4-others-5-year-jail.jpg"
keywords: ["Muthanga Land Struggle", "M Geethanandan", "Adivasi Struggle", "Court Verdict"]
---

# മുത്തങ്ങ സമരക്കേസ്: പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ സലാമിനെ ആക്രമിച്ചതിന് എം. ഗീതാനന്ദൻ ഉൾപ്പെടെ 4 പേർക്ക് 5 വർഷം കഠിനതടവ്

> **Lead Summary:** **കൽപ്പറ്റ: **2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

## Article Content

**കൽപ്പറ്റ: **2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

സംഭവം നടന്ന് 23 വർഷത്തിനു ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ വിനോദിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പരിക്കേറ്റ എസ്.ഐ അബ്ദുൽ സലാമിന് 3 ലക്ഷവും, പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ശശിധരന് 2 ലക്ഷം രൂപയും നൽകണമെന്നും വിധിയിൽ പറയുന്നു.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങയിൽ ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 47 ദിവസമായി നടന്നുവന്ന സമരത്തിനിടെ പൊലീസ് വെടിയുതിർത്തു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെഎപി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ടു.

പൊലീസ് വെടിവയ്പ്പിൽ ആദിവാസി യുവാവ് ജോഗിയും മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. സമരക്കാരുടെ കുടിലുകൾക്ക് പൊലീസ് തീയിട്ടതായും ആരോപണമുണ്ടായിരുന്നു.അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

പ്രതികൾ ഷെഡ്ഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും, കൊല്ലപ്പെട്ട ജോഗി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും, വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എറണാകുളം സിബിഐ കോടതിയിൽ നിന്ന് കേസ് കൽപ്പറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു.പ്രോസിക്യൂഷൻ വാദപ്രകാരം ഗൗണ്ടൻവയലിലെ തകരപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിനിടെ കോൺസ്റ്റബിൾ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാർ തടവിലാക്കി.

പിന്നീട് വിനോദിനെ കൊലപ്പെടുത്തി എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സംഭവം നടന്ന കുടിലിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നും, തുടർച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്ഫോടനവും മൂലമുണ്ടായ പുക കാരണം അകത്ത് നടന്നത് ആർക്കും കാണാനായില്ലെന്നും പ്രതിഭാഗം വാദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375718/muthanga-case-geethanandan-4-others-5-year-jail)