---
title: "പണം വാരിയെറിഞ്ഞ് ആഡംബര ജീവിതം; അധ്യാപികമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ് നീക്കം,അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്"
english_title: "Vadakara MDMA Case: Education Dept Orders Probe, Police To Seize Assets Of Teachers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375695/vadakara-mdma-case-education-dept-probe-assets-seizure-teachers"
published_at: "2026-07-31T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3d13448aa_vadakara-mdma-case-education-dept-probe-assets-seizure-teachers.jpg"
keywords: ["Vadakara", "MDMA Case", "Education Department", "SSK", "Kerala Teachers", "Drug Racket", "Kozhikode Police"]
---

# പണം വാരിയെറിഞ്ഞ് ആഡംബര ജീവിതം; അധ്യാപികമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ് നീക്കം,അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ അധ്യാപകർ പ്രതിയായ എം.ഡി.എം.എ കേസിൽ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചു. എസ്.എസ്.കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്.

## Article Content

**കോഴിക്കോട് : **വടകരയിൽ അധ്യാപകർ പ്രതിയായ എം.ഡി.എം.എ കേസിൽ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചു. എസ്.എസ്.കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്.

ഇതുസംബന്ധിച്ച് പ്രൊജക്ട് ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയ്‌നർ നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. തുടർന്ന് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നു കഴിഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപയുമാണ് എത്തിയിട്ടുള്ളത്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടിലേക്ക് ഇത്രയധികം പണം എത്തിയത് ലഹരി വിൽപ്പനയിലൂടെയാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് ഉള്ളത്. ഇതേതുടർന്നാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

കൂടാതെ, ഇവർ ഉപയോഗിച്ചിരുന്ന വിദേശ ഫോൺ നമ്പറുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ലഹരി വിൽപ്പനയ്ക്കായി മാത്രമാണ് ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള വിദേശ സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375695/vadakara-mdma-case-education-dept-probe-assets-seizure-teachers)