---
title: "കൈയെത്തും ദൂരത്ത് കാത്തുവെച്ച സർക്കാർ ജോലിയെന്ന സ്വപ്നങ്ങൾ, ഒരൊറ്റ നിമിഷത്തിൽ തകർത്തെറിഞ്ഞ് മരണം; നാടിനെ കണ്ണീരിലാഴ്ത്തി മഞ്ജുവിന്റെ വേർപാട്"
english_title: "Varkala Bike Accident Woman Dies Waiting For Govt Job Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375690/varkala-bike-accident-woman-dies-govt-job-waiting"
published_at: "2026-07-31T11:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3bad56977_varkala-bike-accident-woman-dies-govt-job-waiting.jpg"
keywords: ["Varkala Accident", "Thiruvananthapuram", "Road Accident", "Bike Accident"]
---

# കൈയെത്തും ദൂരത്ത് കാത്തുവെച്ച സർക്കാർ ജോലിയെന്ന സ്വപ്നങ്ങൾ, ഒരൊറ്റ നിമിഷത്തിൽ തകർത്തെറിഞ്ഞ് മരണം; നാടിനെ കണ്ണീരിലാഴ്ത്തി മഞ്ജുവിന്റെ വേർപാട്

> **Lead Summary:** **തിരുവനന്തപുരം: **വർക്കലയിൽ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച അപകടത്തിൽ മരിച്ചത് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ കാത്തിരുന്ന യുവതി.

## Article Content

**തിരുവനന്തപുരം: **വർക്കലയിൽ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച അപകടത്തിൽ മരിച്ചത് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ കാത്തിരുന്ന യുവതി.

പഠനകാലംമുതൽ സർക്കാർ ജോലി സ്വപ്നമായി കൊണ്ടുനടന്ന് ഒടുവിൽ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി നിൽക്കുകയായിരുന്ന മഞ്ജുവിനെയാണ് കാറിന്റെ രൂപത്തിലെത്തിയ മരണം കവർന്നെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡേറ്റാ എൻട്രി തസ്തികയിൽ ടെസ്റ്റും അഭിമുഖവും കഴിഞ്ഞുനിൽക്കുകയായിരുന്നു മഞ്ജു.

ബുധനാഴ്ച രാത്രി 10.30-ഓടെ ഭർത്താവിന്റെ കൂട്ടുകാരന്റെ പുതിയ വീട് സന്ദർശിച്ചിട്ട് മടങ്ങുംവഴിയായിരുന്നു അപകടം. പാരിപ്പള്ളിയിലെ കടയിൽനിന്നു വീട്ടുസാധനങ്ങളും വാങ്ങി യാത്ര തുടരുമ്പോഴാണ് പിന്നിൽനിന്ന്‌ അമിതവേഗത്തിലെത്തിയ കാർ, ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മഞ്ജു (33) മരിച്ചത് . ബൈക്കോടിച്ചിരുന്ന ഭർത്താവ് റിബിൻ ജോസ് (41), മക്കളായ ആരോൺ (11), ആരാധ്യ (ആറ്) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.

ഇടിഞ്ഞാറിൽ കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മഞ്ജു. റിബിൻ ജോസും പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. മഞ്ജുവിന്റെ മൃതശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇടിഞ്ഞാർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്‌ സെമിത്തേരിയിൽ സംസ്‌കരിച്ചു.

അപകടത്തിൽ റിബിൻ ജോസിന്റെ നട്ടെല്ലിന്റെ ഭാഗത്ത് മുറിവും ചതവുമുണ്ടായി. മകൻ ആരോണിന്റെ ശരീരത്തിന്റെ മുറിവും ചതവുമുണ്ട്. മകൾ ആരാധ്യയുടെ വലതു കൈയ്ക്ക് പൊട്ടലും മുറിവുമുണ്ട്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

അപകടത്തെ തുടർന്ന് കാർഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. കാർ ഓടിച്ചിരുന്നയാളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി അയിരൂർ പോലീസ് അറിയിച്ചു. റിബിനും മഞ്ജുവും പാളയംകുന്നിൽ താമസിച്ച് റബ്ബർ ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375690/varkala-bike-accident-woman-dies-govt-job-waiting)