---
title: " സ്വപ്നങ്ങൾക്കൊപ്പം കഠിന പരിശ്രമം....! ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ"
english_title: "17 Year Old Cricketer Dies by Suicide in Nagpur After Not Being Selected for VCA Team"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375684/nagpur-17-year-old-cricketer-suicide-vca-selection-new"
published_at: "2026-07-31T11:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3dd583d3a_c9578243-acfc-458c-975e-9f4f303a0c47.jpeg"
keywords: ["Women Cricket  death", "Suicide", "Nagpur News", "VCA"]
---

#  സ്വപ്നങ്ങൾക്കൊപ്പം കഠിന പരിശ്രമം....! ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** നാഗ്പുർ: പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലെ കടുത്ത നിരാശയും മാനസിക സമ്മർദ്ദവും കാരണം 17 വയസുകാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ - വിസിഎ ടീമിൽ ഇടം ലഭിക്കുമെന്ന വലിയ സ്വപ്നവുമായി കഴിഞ്ഞ രണ്ട് വർഷമായി കഠിന പരിശീലനം നടത്തിയിരുന്ന അദിതി മോരേശ്വർ ചൗക്കണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്.

## Article Content

നാഗ്പുർ: പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലെ കടുത്ത നിരാശയും മാനസിക സമ്മർദ്ദവും കാരണം 17 വയസുകാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ - വിസിഎ ടീമിൽ ഇടം ലഭിക്കുമെന്ന വലിയ സ്വപ്നവുമായി കഴിഞ്ഞ രണ്ട് വർഷമായി കഠിന പരിശീലനം നടത്തിയിരുന്ന അദിതി മോരേശ്വർ ചൗക്കണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയാണ് അദിതി. ക്രിക്കറ്റിൽ മികച്ച കരിയർ കെട്ടിപ്പടുക്കണമെന്ന ലക്ഷ്യത്തോടെ അമ്മയോടൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിൽ താമസിച്ചാണ് താരം പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നാഗ്പുരിലെ സർവ്വെ ക്രിക്കറ്റ് അക്കാദമിയിൽ അതിരാവിലെ മുതൽ വൈകുന്നേരം വരെ കഠിനമായി പ്രയത്നിച്ചിരുന്നു.

> വിസിഎയുടെ വിവിധ പ്രായ വിഭാഗം ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു അദിതിയുടെ പ്രധാന ലക്ഷ്യം. അദിതിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പിൽ "എന്നെ തിരഞ്ഞെടുത്തില്ല" എന്ന വാചകം ഉണ്ടായിരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

തുടർച്ചയായ പരാജയവും പ്രതീക്ഷകൾ പൂവണിയാത്തതും അദിതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടുവെന്നാണ് പ്രാഥമിക നിഗമനം. ബജാജ് നഗർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ ചേതൻ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ***

***വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ***

***'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056,***

***0471-2552056)***

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375684/nagpur-17-year-old-cricketer-suicide-vca-selection-new)