---
title: "സംസ്ഥാന സിലബസിൽ കേന്ദ്ര ഇടപെടൽ വേണ്ട; 265 സ്കൂളുകളിൽ പി.എം. ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ"
english_title: "PM Shri Scheme Kerala 265 Schools State Syllabus No Central Interference"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375635/pm-shri-scheme-kerala-265-schools-state-syllabus"
published_at: "2026-07-31T08:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c08ff0870a_pm-shri-scheme-kerala-265-schools-state-syllabus.jpg"
keywords: ["PM Shri", "Kerala Education", "State Syllabus", "UDF", "V D Satheesan", "Kerala Government"]
---

# സംസ്ഥാന സിലബസിൽ കേന്ദ്ര ഇടപെടൽ വേണ്ട; 265 സ്കൂളുകളിൽ പി.എം. ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ചർച്ചകൾ സജീവമായി. സംസ്ഥാന സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ നിലവിലെ ആലോചന. 265 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കുക.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ചർച്ചകൾ സജീവമായി. സംസ്ഥാന സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ നിലവിലെ ആലോചന. 265 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കുക.

ഈ സ്കൂളുകളിൽ മറ്റ് സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്ന സംസ്ഥാന സിലബസ് തന്നെ തുടരാനും തീരുമാനമായിട്ടുണ്ട്. സിലബസിന്റെ കാര്യത്തിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുതെന്നാണ് യു.ഡി.എഫിനുള്ളിലെ പൊതുവികാരം.

സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ നിയമപരമായി നേരിടാനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് തയ്യാറാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം സർക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് പദ്ധതിയിൽ ഒപ്പുവച്ചതുകൊണ്ടാണ് ഇപ്പോഴത്തെ സർക്കാർ മുന്നോട്ടുപോകുന്നതെന്ന യു.ഡി.എഫ് വാദത്തെ എൽ.ഡി.എഫ് എതിർക്കും.

കേന്ദ്രത്തിന്റെ സമീപകാല വെളിപ്പെടുത്തലോടെ തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി 'അറബിക്കടലിൽ എറിയും' എന്ന് പ്രഖ്യാപിച്ചിരുന്ന നേതാക്കൾ ഇപ്പോൾ നിലപാട് മാറ്റിയെന്നും എൽ.ഡി.എഫ് ആരോപിച്ചു.

> നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതിയിൽ തുടരേണ്ടതുണ്ടെന്നുമാണ് യു.ഡി.എഫ് യോഗത്തിന്റെ വിലയിരുത്തൽ. "കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് പിന്മാറാൻ കഴിയില്ല" എന്ന വാദവും യു.ഡി.എഫ് ഉയർത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375635/pm-shri-scheme-kerala-265-schools-state-syllabus)