---
title: "പാക്കിസ്ഥാനിൽ ഭീകരാക്രമണം: 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, തിരിച്ചടിയിൽ 15 ഭീകരർ വധിക്കപ്പെട്ടു"
english_title: "Pakistan Terror Attack Khyber Pakhtunkhwa 11 Security Personnel Killed 15 Militants"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375634/pakistan-terror-attack-khyber-pakhtunkhwa-11-killed"
published_at: "2026-07-31T07:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c0835ecf09_pakistan-terror-attack-khyber-pakhtunkhwa-11-killed.jpg"
keywords: ["Pakistan", "Khyber Pakhtunkhwa", "Terror Attack", "TTP", "Security Forces"]
---

# പാക്കിസ്ഥാനിൽ ഭീകരാക്രമണം: 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, തിരിച്ചടിയിൽ 15 ഭീകരർ വധിക്കപ്പെട്ടു

> **Lead Summary:** **ഇസ്‌ലാമാബാദ്: **പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ ഭീകരരുടെ ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 22 പേർക്ക് പരുക്കേറ്റു. പാക്കിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഹംഗു ജില്ലയിലെ ഖസീന പോലീസ് പോസ്റ്റ് ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

## Article Content

**ഇസ്‌ലാമാബാദ്: **പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ ഭീകരരുടെ ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 22 പേർക്ക് പരുക്കേറ്റു. പാക്കിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഹംഗു ജില്ലയിലെ ഖസീന പോലീസ് പോസ്റ്റ് ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

അത്യാധുനിക മാരകായുധങ്ങളുമായാണ് ഭീകരർ പോസ്റ്റിന് നേരെ വെടിയുതിർത്തത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന 15 ഭീകരരെ വധിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ട സുരക്ഷാ സേനയുടെ കവചിത വാഹനങ്ങൾ വഴിമധ്യേ ഒളിച്ചിരുന്ന ഭീകരർ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചു. തുടർന്നാണ് ഭീകരരെ വധിക്കാൻ സാധിച്ചതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ നിരോധിത ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ഇതിന് പിന്നിലെന്നാണ് സംശയം.

സമീപ മാസങ്ങളായി ഈ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ടിടിപി നിരന്തരം ആക്രമണങ്ങൾ നടത്തിവരികയാണ്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഖൈബർ പക്തുൻഖ്വയിലെ ടാങ്ക് ജില്ലയിലെ ഒരു ചെക്ക്‌പോസ്റ്റിനും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു. പ്രദേശത്ത് സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375634/pakistan-terror-attack-khyber-pakhtunkhwa-11-killed)