---
title: "നഗ്നരാക്കി ലൈംഗികാവയവങ്ങളിൽ വൈദ്യുതാഘാതം, പിന്നാലെ വടികളും കത്തിമുനയും കയറ്റും; യുക്രെയ്ൻ തടവുകാർക്ക് നേരെ റഷ്യയുടെ ക്രൂരപീഡനം"
english_title: "Russia Uses Sexual Violence As Weapon In Ukraine War UN Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375633/russia-ukraine-war-sexual-violence-un-report"
published_at: "2026-07-31T07:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c0662b2a02_russia-ukraine-war-sexual-violence-un-report.jpg"
keywords: ["Russia", "Ukraine War", "Sexual Violence", "UN", "Prisoners Of War"]
---

# നഗ്നരാക്കി ലൈംഗികാവയവങ്ങളിൽ വൈദ്യുതാഘാതം, പിന്നാലെ വടികളും കത്തിമുനയും കയറ്റും; യുക്രെയ്ൻ തടവുകാർക്ക് നേരെ റഷ്യയുടെ ക്രൂരപീഡനം

> **Lead Summary:** **മോസ്കോ: **യുക്രെയ്നിലെ തടവുകാരായ സൈനികർക്കും സാധാരണക്കാർക്കും നേരെ റഷ്യൻ സൈന്യം ആസൂത്രിതമായി ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമായി ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്.

## Article Content

**മോസ്കോ: **യുക്രെയ്നിലെ തടവുകാരായ സൈനികർക്കും സാധാരണക്കാർക്കും നേരെ റഷ്യൻ സൈന്യം ആസൂത്രിതമായി ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമായി ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്.

തടവിലാക്കപ്പെട്ടവരെ മാനസികമായി തകർക്കാനും അപമാനിക്കാനുമായി ബലാത്സംഗം, ലൈംഗികാവയവങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ തുടങ്ങിയ മാർഗങ്ങളാണ് റഷ്യൻ സൈന്യം സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2022ൽ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ പ്രധാനമായും യുക്രെയ്നിലെ പുരുഷ തടവുകാരെയാണ് ഇത്തരം പീഡനങ്ങൾക്ക് ഇരയാക്കുന്നത്. 2022ൽ റഷ്യയുടെ തടവിലായ സെർഹി ബോയ്ചുക് (33) തന്റെ അനുഭവം വെളിപ്പെടുത്തി. രണ്ടു വർഷത്തോളം തടങ്കൽ പാളയത്തിലെ ഗാർഡുകൾ തന്നെ നിരന്തരം മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

> ''തന്നെ മാനസികമായി തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം" എന്ന് സെർഹി പറഞ്ഞു. കുപ്പികളും വടികളും ഉപയോഗിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ലൈംഗികാവയവങ്ങൾക്ക് നേരെ കത്തിമുന വച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2024 ഒക്ടോബറിൽ നടന്ന തടവുകാരുടെ കൈമാറ്റത്തിലൂടെയാണ് സെർഹി മോചിതനായത്.

മറ്റു പല മുൻ യുദ്ധത്തടവുകാരും സമാനമായ പീഡനാനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ ക്രൂരതകൾ വ്യക്തിപരമല്ലെന്നും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെ നടക്കുന്ന ആസൂത്രിത നീക്കമാണെന്നും ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അധിനിവേശത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം യുക്രെയ്ൻ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ യുദ്ധം ദീർഘിച്ചതോടെ പിടിക്കപ്പെടുന്ന പുരുഷ സൈനികരാണ് പ്രധാന ഇരകൾ. ഐക്യരാഷ്ട്ര സംഘടന അന്വേഷിക്കുന്ന 310 കേസുകളിൽ 280 പേർ പുരുഷന്മാരും 26 പേർ സ്ത്രീകളും 4 പേർ പെൺകുട്ടികളുമാണ്. 

തടവുകാരെ നഗ്നരാക്കി നിർത്തുക, ലൈംഗികാവയവങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുക, ക്രൂരമായി മർദിക്കുക എന്നിവയാണ് പ്രധാന പീഡനമുറകൾ.ആരോപണങ്ങളോട് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുൻപും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റഷ്യ തള്ളിയിരുന്നു. ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥർക്ക് റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അനുമതിയും റഷ്യ നിരന്തരം നിഷേധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375633/russia-ukraine-war-sexual-violence-un-report)