---
title: "രാത്രിയിൽ തക്കം പാർത്തിരുന്നു; അയൽവീട്ടിലെത്തിയ യുവതിക്ക് നേരെ അതിക്രമം! ഒടുവിൽ കവർച്ചക്കാരൻ സഫദിനെ ബീച്ചിൽ നിന്ന് പൊക്കി പോലീസ്"
english_title: "Kozhikode Youth Arrested Harassment Case Multiple Thefts Drug Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375631/kozhikode-youth-arrested-harassment-theft-drug-case"
published_at: "2026-07-31T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c0115c5083_kozhikode-youth-arrested-harassment-theft-drug-case.jpg"
keywords: ["Kozhikode", "Harassment", "Arrest", "Theft", "Panniyankara Police"]
---

# രാത്രിയിൽ തക്കം പാർത്തിരുന്നു; അയൽവീട്ടിലെത്തിയ യുവതിക്ക് നേരെ അതിക്രമം! ഒടുവിൽ കവർച്ചക്കാരൻ സഫദിനെ ബീച്ചിൽ നിന്ന് പൊക്കി പോലീസ്

> **Lead Summary:** **കോഴിക്കോട്: **യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി മുഹമ്മദ് സഫദ് ടി.കെ ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണർ വൈ.എം.ആർ.സിയിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു.

## Article Content

**കോഴിക്കോട്: **യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി ചാലിൽ റോഡ് സ്വദേശി മുഹമ്മദ് സഫദ് ടി.കെ ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണർ വൈ.എം.ആർ.സിയിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു.

രാത്രി പുറത്തിറങ്ങിയ സമയം നോക്കി അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന സഫദ് ഓടിയെത്തി യുവതിയെ കയറിപ്പിടിച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവതിയെ ഇയാൾ ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ബീച്ചിൽ വെച്ച് സഫദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി.

2024 നവംബറിൽ പന്നിയങ്കര സ്റ്റേഷനിൽ ഒന്നേകാൽ പവന്റെ സ്വർണവള മോഷണം, മയക്കുമരുന്ന് ഉപയോഗം എന്നീ കേസുകളുണ്ട്. മിഠായിത്തെരുവിലെ തുണിക്കടയിൽ നിന്ന് ജീൻസ് അടുക്കിവെച്ച ബണ്ടിലുകൾ മോഷ്ടിച്ചതിന് ടൗൺ സ്റ്റേഷനിലും, ഹെന്നാസ് എന്ന കടയിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന 100 ഓളം ടീഷർട്ടുകൾ മോഷ്ടിച്ചതിന് കസബ സ്റ്റേഷനിലും കേസുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സഫദിനെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375631/kozhikode-youth-arrested-harassment-theft-drug-case)