---
title: "ജാഗ്രതാ നിർദ്ദേശം! സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Rain Today Orange Alert 11 Districts Schools Holiday IMD Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375628/kerala-heavy-rain-orange-alert-11-districts-schools-holiday"
published_at: "2026-07-31T06:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6bf9a11b677_kerala-heavy-rain-orange-alert-11-districts-schools-holiday.jpg"
keywords: ["Kerala Rain", "Orange Alert", "IMD", "Schools Holiday", "Strong Winds"]
---

# ജാഗ്രതാ നിർദ്ദേശം! സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് തുടരും.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിലും ഒരു ജില്ലയിലെ 2 താലൂക്കുകളിലുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കാസർഗോഡ്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും അവധി ബാധകമാണ്.

പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. വടകര, താമരശ്ശേരി താലൂക്കുകളിലെ ഓൺലൈൻ ക്ലാസുകൾ പതിവുപോലെ തുടരും. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375628/kerala-heavy-rain-orange-alert-11-districts-schools-holiday)