---
title: "'ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കുകയാണ്, കുട്ടികളുടെ ഭാവി കൊണ്ട് കളിക്കുന്നവരെ വെറുതെ വിടില്ല';വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി"
english_title: "Question Paper Leak Bill Passed 10 Year Jail 10 Crore Fine Modi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375627/question-paper-leak-bill-passed-10-year-jail-10-crore-fine"
published_at: "2026-07-31T06:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6bf815ad6bd_question-paper-leak-bill-passed-10-year-jail-10-crore-fine.jpg"
keywords: ["Narendra Modi", "Parliament Bill", "Question Paper Leak", "Exam Reform", "Education"]
---

# 'ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കുകയാണ്, കുട്ടികളുടെ ഭാവി കൊണ്ട് കളിക്കുന്നവരെ വെറുതെ വിടില്ല';വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡല്‍ഹി: **പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്ക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബിൽ പാർലമെന്റ് പാസാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇൻസ്റ്റഗ്രാം റീലിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

## Article Content

**ന്യൂഡല്‍ഹി: **പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്ക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബിൽ പാർലമെന്റ് പാസാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇൻസ്റ്റഗ്രാം റീലിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

> "വിശ്വസനീയമായ ഒരു പരീക്ഷാ സംവിധാനം ഉറപ്പാക്കാൻ ഞങ്ങൾ തുടർച്ചയായി നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കുകയാണ്. വിദ്യാർത്ഥികളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും കണക്കിലെടുക്കുന്നുണ്ട്" എന്ന് മോദി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആരെയും രാജ്യത്തെ കുട്ടികളുടെ ഭാവി കൊണ്ട് കളിക്കുന്ന ഒരു സംഘത്തെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പൊതുപരീക്ഷകളിലെ അന്യായ നടപടികൾ തടയുന്നതിനായുള്ള നിയമത്തിലാണ് കേന്ദ്രസർക്കാർ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്.

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി.പുതിയ നിയമപ്രകാരം ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കും. പരീക്ഷകളിൽ ക്രമക്കേട് നടത്തി ശിക്ഷിക്കപ്പെടുന്നവരുടെ കുറഞ്ഞ തടവുശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തും.

ചോദ്യപേപ്പർ ചോർച്ചാ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇത്തരം കേസുകൾ മൂന്ന് മാസത്തിനുള്ളിൽ വിധി പറഞ്ഞ് തീർക്കും. ബിൽ പാസാക്കിയതിൽ കേന്ദ്രസർക്കാരിനെ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് അഭിനന്ദിച്ചു. ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പരിഷ്കരിക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375627/question-paper-leak-bill-passed-10-year-jail-10-crore-fine)