---
title: "വടകരയിലെ ലഹരിക്കേസിൽ വഴിത്തിരിവ്! പ്രധാന സൂത്രധാരൻ വയനാട് സ്വദേശി ഷിന്റോ; ലഹരി ശൃംഖലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്"
english_title: "Vadakara MDMA Case Mastermind Shinto Shibu Wayanad On The Run"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375622/vadakara-mdma-case-mastermind-shinto-shibu-wayanad"
published_at: "2026-07-31T06:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ab8e2288b2_vatakara-mdma-case-wayanad-supplier-money-trail-teachers-arrest.jpg"
keywords: ["MDMA Case", "Vadakara", "Teachers Arrest", "Kerala Police", "Wayanad"]
---

# വടകരയിലെ ലഹരിക്കേസിൽ വഴിത്തിരിവ്! പ്രധാന സൂത്രധാരൻ വയനാട് സ്വദേശി ഷിന്റോ; ലഹരി ശൃംഖലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

> **Lead Summary:** **വടകര ( കോഴിക്കോട് ) : **വടകരയിൽ അധ്യാപികമാർ പ്രതികളായ എം ഡി എം എ കേസിലെ പ്രധാന സൂത്രധാരൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവാണെന്ന് പോലീസ് കണ്ടെത്തി. ലഹരി എത്തിച്ച് നൽകിയതും ഇയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 22 വയസ്സുള്ള ഷിന്റോ പല ലഹരി കേസുകളിലും നേരത്തെ പ്രതിയാണ്.

## Article Content

**വടകര ( കോഴിക്കോട് ) : **വടകരയിൽ അധ്യാപികമാർ പ്രതികളായ എം ഡി എം എ കേസിലെ പ്രധാന സൂത്രധാരൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവാണെന്ന് പോലീസ് കണ്ടെത്തി. ലഹരി എത്തിച്ച് നൽകിയതും ഇയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 22 വയസ്സുള്ള ഷിന്റോ പല ലഹരി കേസുകളിലും നേരത്തെ പ്രതിയാണ്.

വാട്സാപ്പ് നമ്പറുകളിലേക്ക് വിളിച്ചാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്നത്. അധ്യാപികമാർ പിടിയിലായതോടെ ഷിന്റോ സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഷിന്റോ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യു ആർ കോഡുകളിലേക്കും ഒരു കോടി രൂപയിലധികം അയച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ടുകൾ വഴി പണം സ്വീകരിക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേർ പണം അയച്ചതായും കണ്ടെത്തി. അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർ ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് നൽകാൻ തയ്യാറായിട്ടില്ല.

പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയതായും പോലീസ് കണ്ടെത്തി. ഈ പണം മുഴുവൻ നർക്കോട്ടിക് ബിസിനസ് വഴി സമ്പാദിച്ചതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പോലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് ബന്ധങ്ങൾ കൂടി കണ്ടെത്തുന്നതിനായി ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുകയാണ് പോലീസ്.

കൂരാച്ചുണ്ട് സ്വദേശിയായ കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മയെ ചൊവ്വാഴ്ച്ചയും അറസ്റ്റ് ചെയ്തു. ഇതുവരെ പേരാമ്പ്ര ബി.ആർ.സിയിലെ മൂന്ന് അധ്യാപകർ കേസിൽ ഉൾപ്പെട്ടുണ്ട്. കീർത്തനായായിരുന്നു ആദ്യം അറസ്റ്റിലായത്.

കേസിൽ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിലും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വയനാട് സ്വദേശിയാണ് പ്രധാനിയെന്നും ഇയാളെ കണ്ടെത്തിയാൽ പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് പോലീസ് കണക്ക് കൂട്ടുന്നത്. കൂടെയുള്ളവർ അറസ്റ്റിലായതോടെ വയനാട് സ്വദേശി മുങ്ങിയതായതാണ് പോലീസിന് ലഭിച്ച വിവരം.

> അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അധ്യാപികമാർക്കൊപ്പം അറസ്റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ 6 മാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി.അധ്യാപികമാരുമായി അടുത്ത ബന്ധം പുലർത്തുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. "കേസിൽ ഉൾപ്പെട്ടവരെ മുഴുവൻ വലയിലാക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം" എന്ന് ഡിഐജി കെ. കാർത്തിക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375622/vadakara-mdma-case-mastermind-shinto-shibu-wayanad)