---
title: "പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Kerala Rain Holiday: Schools and Colleges Closed in Kasaragod, Wayanad, Ernakulam on July 31"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375611/kasaragod-waynad-ernakulam-holiday-july-31-kerala-rain-orange-alert"
published_at: "2026-07-30T21:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b72311a5ba_kasaragod-waynad-ernakulam-holiday-july-31-kerala-rain-orange-alert.jpg"
keywords: ["Kerala Rain", "Orange Alert", "Kasaragod Holiday", "Wayanad Holiday", "Ernakulam Holiday", "IMD"]
---

# പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 31 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

## Article Content

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 31 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർമാർ ജാഗ്രതാ നടപടിയായി അവധി പ്രഖ്യാപിച്ചത്.

**എറണാകുളം: **ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

**വയനാട്: **കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയാണ് ഉത്തരവിറക്കിയത്. 

എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

**കാസർകോട്: **നാളെ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് അവധി പ്രഖ്യാപിച്ചു.

കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.

എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പതിവുപോലെ ക്ലാസുകൾ തുടരും. കാസർകോട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ വ്യക്തമാക്കി.

കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 6 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

നദികളുടെയും അരുവികളുടെയും തീരങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.അടിയന്തര സാഹചര്യങ്ങൾക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. മഴയുടെ ശക്തി കുറയുന്നതനുസരിച്ച് തുടർ തീരുമാനങ്ങൾ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375611/kasaragod-waynad-ernakulam-holiday-july-31-kerala-rain-orange-alert)