---
title: "വയനാട്ടിൽ യുവതിക്ക് നേരേ ലൈം​ഗികാതിക്രമം, ഒത്താശ ചെയ്തവരിൽ ഭർതൃമാതാവും; കാവിലുംപാറ സ്വദേശിയും രണ്ട് സ്ത്രീകളും റിമാൻഡിൽ"
english_title: "Wayanad Sexual Assault Case: 3 Arrested Including Victim's Mother-in-law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375606/wayanad-manathavady-sexual-assault-case-3-arrested"
published_at: "2026-07-30T20:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b630160053_wayanad-manathavady-sexual-assault-case-3-arrested.jpg"
keywords: ["Manathavady Sexual Assault", "Wayanad Crime", "Kerala Police Arrest", "Wayanad News"]
---

# വയനാട്ടിൽ യുവതിക്ക് നേരേ ലൈം​ഗികാതിക്രമം, ഒത്താശ ചെയ്തവരിൽ ഭർതൃമാതാവും; കാവിലുംപാറ സ്വദേശിയും രണ്ട് സ്ത്രീകളും റിമാൻഡിൽ

> **Lead Summary:** മാനന്തവാടി: യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പിടിയിൽ. സംഭവത്തിൽ നേരിട്ട് പീഡിപ്പിച്ചയാളും പണത്തിന് വേണ്ടി ഒത്താശ ചെയ്ത രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്.

## Article Content

മാനന്തവാടി: യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പിടിയിൽ. സംഭവത്തിൽ നേരിട്ട് പീഡിപ്പിച്ചയാളും പണത്തിന് വേണ്ടി ഒത്താശ ചെയ്ത രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്.

കോഴിക്കോട് കാവിലുംപാറ കുനിയിൽ വീട്ടിൽ കെ.സി. മനോജ് (49), കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി. ബിന്ദു (43), യുവതിയുടെ ഭർതൃമാതാവ് എന്നിവരാണ് പ്രതികൾ.

2026 ഏപ്രിലായിരുന്നു സംഭവം. ബിന്ദുവിന്റെ അമ്മയെ പരിചരിക്കാനുണ്ടെന്ന് പറഞ്ഞാണ് ബിന്ദു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഭർതൃമാതാവ് യുവതിയെ കൊണ്ടുവന്നത്. എന്നാൽ അവിടെ വച്ച് മനോജ് മുറിയിലേക്ക് അതിക്രമിച്ചുകയറി യുവതിയെ ബലംപ്രയോഗിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി.

ഈ ക്രൂരകൃത്യത്തിന് ഒത്താശ ചെയ്തതിന് ബിന്ദു മനോജിൽ നിന്ന് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം പുറത്തുപറഞ്ഞാൽ കുടുംബം തകർക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി.

ഇതേ തുടർന്ന് യുവതി ആദ്യം പരാതി നൽകാൻ മടിച്ചെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് മാനന്തവാടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രധാന പ്രതി മനോജും ഒത്താശ ചെയ്ത ബിന്ദുവും പിടിയിലായത്. മാനന്തവാടി ഡിവൈഎസ്പി വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.

പ്രതികൾക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. കോടതി മൂവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പണത്തിന് വേണ്ടി അടുത്ത ബന്ധുക്കൾ തന്നെ യുവതിയെ കെണിയിൽപ്പെടുത്തിയ സംഭവം വയനാട്ടിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന ആവശ്യം സാമൂഹിക പ്രവർത്തകരും ഉയർത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375606/wayanad-manathavady-sexual-assault-case-3-arrested)