---
title: "കണ്ണടച്ചു തുറക്കും മുൻപേ അപകടം ! അലക്ഷ്യമായി തുറന്ന കാറിന്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു"
english_title: "Pathanamthitta Accident Car Door Opens Scooter Rider Killed By KSRTC Bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375599/pathanamthitta-accident-car-door-scooter-rider-dies-ksrtc-bus"
published_at: "2026-07-30T19:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b5a01d1310_pathanamthitta-accident-car-door-scooter-rider-dies-ksrtc-bus.jpg"
keywords: ["Pathanamthitta", "Kozhencherry", "Road Accident", "KSRTC"]
---

# കണ്ണടച്ചു തുറക്കും മുൻപേ അപകടം ! അലക്ഷ്യമായി തുറന്ന കാറിന്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു

> **Lead Summary:** **പത്തനംതിട്ട: ** റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നത് വലിയ അപകടത്തിൽ കലാശിച്ചു. കോഴഞ്ചേരി കണ്ണാശുപത്രിക്ക് മുന്നിൽ നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി തോമസ് എബ്രഹാമാണ് (വയസ്സ് 48) മരിച്ചത്.

## Article Content

**പത്തനംതിട്ട: ** റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നത് വലിയ അപകടത്തിൽ കലാശിച്ചു. കോഴഞ്ചേരി കണ്ണാശുപത്രിക്ക് മുന്നിൽ നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി തോമസ് എബ്രഹാമാണ് (വയസ്സ് 48) മരിച്ചത്.

റോഡിന്റെ ഓരത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതാണ് അപകടത്തിന് കാരണം. ആ സമയം വന്ന സ്കൂട്ടറിൽ ഇടിച്ചതോടെ തോമസിന് നിയന്ത്രണം നഷ്ടമായി. റോഡിലേക്ക് തെറിച്ചുവീണ തോമസിന്റെ ശരീരത്തിലൂടെ അപ്പോൾ അതുവഴി വന്ന കെഎസ്ആർടിസി ബസ് കയറിയിറങ്ങി.

സംഭവസ്ഥലത്ത് വെച്ച് തന്നെ തോമസ് മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കാറിന്റെ ഡോർ യാതൊരു മുൻകരുതലും ഇല്ലാതെ തുറക്കുന്നതും തുടർന്ന് സ്കൂട്ടർ ഇടിച്ച് വീഴുന്നതും വ്യക്തമാണ്. വിവരമറിഞ്ഞ് ആറന്മുള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.കാറിന്റെ ഡ്രൈവർക്കെതിരെ അലക്ഷ്യമായി വാഹനം ഉപയോഗിച്ച് മരണത്തിന് കാരണമായതിന് കേസെടുത്തിട്ടുണ്ട്. റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോഴും ഡോർ തുറക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375599/pathanamthitta-accident-car-door-scooter-rider-dies-ksrtc-bus)