---
title: "കനത്ത മഴ: പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ തുറക്കും, പെരിയാറിന്റെ ഇരുവശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം"
english_title: "Idukki Pambla Dam Shutters To Open Tonight Red Alert Water Level Periyar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375594/idukki-pambla-dam-shutters-open-red-alert-periyar-warning"
published_at: "2026-07-30T19:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b538eebd2c_idukki-pambla-dam-shutters-open-red-alert-periyar-warning.jpg"
keywords: ["Idukki", "Pambla Dam", "Red Alert", "Dam Opening", "Periyar", "Kerala Floods"]
---

# കനത്ത മഴ: പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ തുറക്കും, പെരിയാറിന്റെ ഇരുവശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **ഇടുക്കി: **കനത്ത മഴയെത്തുടർന്ന് പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണിക്ക് തുറക്കും. ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഡാമിലെ ജലനിരപ്പ് 252.10 മീറ്ററിലെത്തി.

## Article Content

**ഇടുക്കി: **കനത്ത മഴയെത്തുടർന്ന് പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണിക്ക് തുറക്കും. ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഡാമിലെ ജലനിരപ്പ് 252.10 മീറ്ററിലെത്തി.

ഇത് റെഡ് അലർട്ട് നിലയായ 252 മീറ്ററിന് മുകളിലായതിനെ തുടർന്ന് എമർജൻസി പ്ലാനിങ് മാനേജർ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഡാമിന്റെ പരമാവധി സംഭരണശേഷി 253 മീറ്ററാണ്. നിലവിലെ സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ ആവശ്യാനുസരണം ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 500 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് അനുമതി നൽകിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമാക്കിയത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

തീരദേശവാസികൾ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായി നിൽക്കണമെന്നും നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, തഹസിൽദാർമാർ എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനുള്ള സംഘങ്ങളെ സജ്ജമാക്കി നിർത്താനും നിർദ്ദേശിച്ചു.നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375594/idukki-pambla-dam-shutters-open-red-alert-periyar-warning)