---
title: "ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; രക്തം പുരണ്ട അരിവാളുമായി സ്റ്റേഷനിൽ കീഴടങ്ങി യുവാവ് "
english_title: "Ramanathapuram Double Murder Husband Kills Wife Mother-in-law Surrenders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375593/ramanathapuram-double-murder-husband-kills-wife-mother-in-law"
published_at: "2026-07-30T18:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b51e8bdeca_ramanathapuram-double-murder-husband-kills-wife-mother-in-law.jpg"
keywords: ["Ramanathapuram Double Murder", "Tamil Nadu Crime", "Domestic Violence"]
---

# ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; രക്തം പുരണ്ട അരിവാളുമായി സ്റ്റേഷനിൽ കീഴടങ്ങി യുവാവ് 

> **Lead Summary:** ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമാണ് രാമനാഥപുരം ജില്ലയിലെ പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗറിൽ നടന്നത്. കൊല്ലപ്പെട്ടത് ഷർമിള , ഭാര്യാമാതാവ് പത്മാവതി എന്നിവരെയാണ്.

## Article Content

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമാണ് രാമനാഥപുരം ജില്ലയിലെ പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗറിൽ നടന്നത്. കൊല്ലപ്പെട്ടത് ഷർമിള , ഭാര്യാമാതാവ് പത്മാവതി എന്നിവരെയാണ്.

പ്രതിയായ ചെല്ലമുത്തു കൊലപാതകത്തിന് ശേഷം അരിവാളുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിദേശത്ത് ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഈ സംശയത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ വീണ്ടും വലിയ വഴക്കുണ്ടായി. പ്രകോപിതനായ ചെല്ലമുത്തു വീട്ടിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഉപയോഗിച്ച് ആദ്യം ഭാര്യ ഷർമിളയെയും തുടർന്ന് ഇടപെടാൻ ശ്രമിച്ച ഭാര്യാമാതാവ് പത്മാവതിയെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം രക്തം പുരണ്ട അരിവാളുമായാണ് പ്രതി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ചെല്ലമുത്തുവിനെ ഉടൻ അറസ്റ്റ് ചെയ്തു. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. കുട്ടികൾ സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നിൽ വിവാഹേതര ബന്ധത്തിന്റെ സംശയം മാത്രമാണോ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375593/ramanathapuram-double-murder-husband-kills-wife-mother-in-law)