---
title: "ജോലിക്ക് പോയ മകൻ എവിടെ? പാറക്കടവ് സ്വദേശി സലീമിനെ കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിടുന്നു"
english_title: "Nadapuram Missing Person Case: Salim Missing Since April 2025, Family Seeks Help"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375590/nadapuram-missing-person-salim-thanakkottur-one-year-no-trace"
published_at: "2026-07-30T18:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b48826c7f9_nadapuram-missing-person-salim-thanakkottur-one-year-no-trace.jpg"
keywords: ["Nadapuram", "Missing Person", "Salim Thanakkottur", "Chekyad Panchayat", "KM Abhijith MLA", "Valayam Police", "Nadapuram DYSP", "Abdusaleem Missing Case"]
---

# ജോലിക്ക് പോയ മകൻ എവിടെ? പാറക്കടവ് സ്വദേശി സലീമിനെ കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിടുന്നു

> **Lead Summary:** **നാദാപുരം: **പതിവുപോലെ വീട്ടിൽ നിന്ന് അങ്ങാടിയിലെ കടയിലേക്ക് ജോലിക്ക് പോയ പാറക്കടവ് താനക്കോട്ടൂർ സ്വദേശി പാട്ടോൻകുന്നുമ്മൽ അബ്ദുസ്സലീമിനെ (സലീം) കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിടുന്നു. 2025 ഏപ്രിൽ 30ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

## Article Content

**നാദാപുരം: **പതിവുപോലെ വീട്ടിൽ നിന്ന് അങ്ങാടിയിലെ കടയിലേക്ക് ജോലിക്ക് പോയ പാറക്കടവ് താനക്കോട്ടൂർ സ്വദേശി പാട്ടോൻകുന്നുമ്മൽ അബ്ദുസ്സലീമിനെ (സലീം) കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിടുന്നു. 2025 ഏപ്രിൽ 30ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

സലീമിനായുള്ള ഉമ്മയുടെ കണ്ണീർ കാത്തിരിപ്പിന് ഇനിയും അറുതിയായിട്ടില്ല. ഭാര്യയും രണ്ടര വയസുള്ള മകളും വയോധികയായ മാതാവ് റുക്കിയയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സലീം. മകനെ കാണാതായതിൻ്റെ പിറ്റേദിവസം തന്നെ മാതാവ് വളയം പോലീസിൽ പരാതി നൽകിയെങ്കിലും പ്രാഥമിക അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

തുടർന്ന് ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പോസ്റ്ററുകൾ ഒട്ടിച്ചും സോഷ്യൽ മീഡിയ വഴിയും വ്യാപകമായ തെരച്ചിൽ നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന കെ.എം. അഭിജിത് എം.എൽ.എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെ സലീമിന്റെ മാതാവ് റുക്കിയ വീണ്ടും അപേക്ഷയുമായി എത്തിയിരുന്നു.

എം.എൽ.എക്കൊപ്പം ഉണ്ടായിരുന്ന നാദാപുരം ഡി.വൈ.എസ്.പി പി.എം. മനോജിനോട് അവർ മകനെ കണ്ടെത്തി നൽകണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ചു. പുതുതായി ചുമതലയേറ്റ ഡി.വൈ.എസ്.പി കേസ് ഗൗരവമായി പരിശോധിക്കുമെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മാതാവിന് ഉറപ്പ് നൽകിയിട്ടുണ്ട്.

മകനെ ജീവനോടെ തിരികെ കാണണമെന്ന ഒറ്റ പ്രതീക്ഷയിൽ മാത്രമാണ് സലീമിൻ്റെ കുടുംബവും താനക്കോട്ടൂർ നാട്ടുകാരും കഴിയുന്നത്. ഏതെങ്കിലും വിവരം ലഭിക്കുന്നവർ വളയം പോലീസ് സ്റ്റേഷനിലോ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് ആക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375590/nadapuram-missing-person-salim-thanakkottur-one-year-no-trace)