---
title: "'സഹകരണ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രമേശൻ പാലേരിയുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും' - അനുശോചനം രേഖപ്പെടുത്തി അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ"
english_title: "ULCCS Chairman Rameshan Paleri Dies At 66, Global Cooperative Bodies Pay Tribute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375578/rameshan-paleri-ulccs-chairman-obituary-ica-cicopa-ncui"
published_at: "2026-07-30T17:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b3eea9a76d_rameshan-paleri-ulccs-chairman-obituary-ica-cicopa-ncui.jpg"
keywords: ["Rameshan Paleri", "ULCCS", "Kozhikode", "Cooperative", "ICA-AP", "CICOPA", "NCUI", "Obituary News"]
---

# 'സഹകരണ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രമേശൻ പാലേരിയുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും' - അനുശോചനം രേഖപ്പെടുത്തി അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ

> **Lead Summary:** **കോഴിക്കോട് / ന്യൂഡൽഹി: ** ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ അനുശോചനം രേഖപ്പെടുത്തി. വടകരയുടെ മണ്ണിൽ നിന്ന് സഹകരണ മേഖലയ്ക്ക് ലോകോത്തര മാതൃക സമ്മാനിച്ച നേതാവിന്റെ വിയോഗം രാജ്യത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് പ്രമുഖ സംഘടനകൾ അനുസ്മരിച്ചു.

## Article Content

**കോഴിക്കോട് / ന്യൂഡൽഹി: ** ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ അനുശോചനം രേഖപ്പെടുത്തി. വടകരയുടെ മണ്ണിൽ നിന്ന് സഹകരണ മേഖലയ്ക്ക് ലോകോത്തര മാതൃക സമ്മാനിച്ച നേതാവിന്റെ വിയോഗം രാജ്യത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് പ്രമുഖ സംഘടനകൾ അനുസ്മരിച്ചു.

ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ ആൻഡ് പസഫിക് (ICA-AP), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് സർവീസ് കോ-ഓപ്പറേറ്റീവ്സ് (CICOPA), നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ (NCUI) എന്നീ പ്രമുഖ സംഘടനകൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും സഹകരണമേഖലയ്ക്കു നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും അനുസ്മരിച്ച് അനുശോചനസന്ദേശങ്ങൾ പുറപ്പെടുവിച്ചു.

വടകരയിലെ ഒരു പ്രാദേശിക നിർമ്മാണത്തൊഴിലാളി സംഘം എന്ന നിലയിൽ നിന്ന് ULCCS നെ അടിസ്ഥാനസൗകര്യം, ഐ ടി , വിദ്യാഭ്യാസം, ഭവനനിർമ്മാണം, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിപ്പിച്ചതിൽ രമേശൻ പാലേരിയുടെ പങ്ക് വലുതാണെന്ന് ICA-AP അനുസ്മരിച്ചു.

ഇതെല്ലാം വളർന്നിട്ടും സൊസൈറ്റിയുടെ ഭരണം തൊഴിലാളികളുടെ കൈകളിൽ തന്നെ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 2019-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽനിന്നുള്ള ആദ്യ പ്രൈമറി സഹകരണ സംഘമായി യു‌എൽസിസി‌എസ് ഐസിഎയിൽ അംഗത്വം നേടി. 2023-ൽ ഐ.സി.എ. ഏഷ്യ-പസഫിക്കിന്റെ പ്രഥമ 'കോ-ഓപ്പറേറ്റീവ് എക്സലൻസ് അവാർഡ് ഫോർ എന്റർപ്രൈസിംഗ് കോ-ഓപ്പറേറ്റീവ്' പുരസ്കാരവും ഊരാളുങ്കൽ സൊസൈറ്റിക്കു സമ്മാനിച്ചു.

ലാളിത്യം, ഉദാരമനസ്കത, തൊഴിലിന്റെ അന്തസ്സിനോടുള്ള പ്രതിബദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വമെന്ന് ICA-AP പറഞ്ഞു. പുതിയ സഹകാരികൾക്ക് എപ്പോഴും അദ്ദേഹം പ്രചോദനമായിരുന്നു. ബ്രസ്സൽസ് ആസ്ഥാനമായ CICOPA കുടുംബത്തിന്റെയും സൊസൈറ്റി അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേർന്നു.

യുഎൽസിസി‌എസിന്റെ വളർച്ചയ്ക്കും ആഗോളതലത്തിലുള്ള അംഗീകാരത്തിനും അദ്ദേഹത്തിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചുവെന്നും സൊസൈറ്റിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുമെന്നും സംഘടന അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പരമോന്നത സംഘടനയായ നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ (NCUI )തീവ്രമായ ദുഃഖം രേഖപ്പെടുത്തി. സഹകരണ തത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചതിൽ രമേശൻ പാലേരി നൽകിയ സംഭാവനകൾ എന്നും ബഹുമാനത്തോടെ ഓർമ്മിക്കപ്പെടുമെന്ന് NCUI അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375578/rameshan-paleri-ulccs-chairman-obituary-ica-cicopa-ncui)