---
title: " 'പിഎം ശ്രീയുമായി മുന്നോട്ട് പോകും; ധാരണാപത്രം ഒപ്പിട്ടതിനാല്‍ പിന്‍മാറാന്‍ പറ്റില്ല' -  അടൂർ പ്രകാശ്"
english_title: "PM Shri Scheme: UDF to Go Ahead, Says Adoor Prakash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375571/pm-shri-scheme-kerala-adoor-prakash-udf-statement"
published_at: "2026-07-30T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b375040676_pm-shri-scheme-kerala-adoor-prakash-udf-statement.jpg"
keywords: ["PM Shri Scheme", "Adoor Prakash", "Kerala Education", "UDF Government"]
---

#  'പിഎം ശ്രീയുമായി മുന്നോട്ട് പോകും; ധാരണാപത്രം ഒപ്പിട്ടതിനാല്‍ പിന്‍മാറാന്‍ പറ്റില്ല' -  അടൂർ പ്രകാശ്

> **Lead Summary:** തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതി സംബന്ധിച്ച കരാറിൽ സംസ്ഥാന സർക്കാർ ഇതിനോടകം ഒപ്പുവെച്ച സാഹചര്യത്തിൽ മുന്നോട്ടുപോകുകയേ നിവൃത്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതി സംബന്ധിച്ച കരാറിൽ സംസ്ഥാന സർക്കാർ ഇതിനോടകം ഒപ്പുവെച്ച സാഹചര്യത്തിൽ മുന്നോട്ടുപോകുകയേ നിവൃത്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അടൂർ പ്രകാശ് യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കിയത്. പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പിലാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ധാരണയായതായും അടൂർ പ്രകാശ് പറഞ്ഞു.

> പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള ഉദ്ദേശത്തോടെയല്ലല്ലോ എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതെന്ന് അടൂർ പ്രകാശ് ചോദിച്ചു. സർക്കാർ നിർദ്ദേശപ്രകാരമാണ് അന്ന് കരാറിൽ ഒപ്പുവെച്ചത്. "കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട ഫണ്ട് ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല.

> അത് ഏറ്റുവാങ്ങുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പിഎം ശ്രീ ഫണ്ട് തടഞ്ഞുവെച്ചു എന്നത് തെറ്റിദ്ധാരണ പരത്തുന്ന വിവരമാണ്" - അടൂർ പ്രകാശ് വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെയും വിലയിരുത്തൽ. എൻ ഷംസുദ്ദീൻ, എം ലിജു, റോജി എം ജോൺ, പി സി വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ. വകുപ്പുതല രേഖകൾ വിശദമായി പഠിച്ച ശേഷമാണ് ഈ നിലപാടിൽ എത്തിയതെന്ന് ഉപസമിതി വ്യക്തമാക്കിയിരുന്നു.

കരാർ ലംഘിക്കുന്നത് സംസ്ഥാനത്തിന് നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി പാർലമെന്റിൽ അറിയിച്ചു. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കെടുത്തിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയിൽ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പിഎം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളുമാണെന്നും കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പിഎം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും ജയന്ത് ചൗധരി പറഞ്ഞു.

കരാറിൽ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നും ഇപ്പോൾ പിന്മാറുന്നത് കേരളത്തിന് നഷ്ടമുണ്ടാക്കുമെന്നുമാണ് യുഡിഎഫ് നിലപാട്. ഏതൊക്കെ സ്കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംബന്ധിച്ച് യുഡിഎഫ് ആഭ്യന്തര ചർച്ച നടത്തി തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുമ്പോൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375571/pm-shri-scheme-kerala-adoor-prakash-udf-statement)