---
title: " എന്തൊരു ക്രൂരത...! രണ്ട് വർഷം നാട്ടുകാരെ പറ്റിച്ചു; ഭർത്താവിനെ സയനൈഡ് നൽകി കൊന്ന് ഫാക്ടറി തറയ്ക്കടിയിൽ കുഴിച്ചുമൂടി ഭാര്യയും കാമുകനും പിടിയിൽ"
english_title: "Gujarat Man Missing For 2 Years Killed By Wife And Lover, Body Buried Under Factory Floor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375570/gujarat-jamnagar-wife-lover-kill-man-bury-body-factory-floor"
published_at: "2026-07-30T17:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b370ab2ae0_gujarat-jamnagar-wife-lover-kill-man-bury-body-factory-floor.jpg"
keywords: ["Gujarat Crime", "Jamnagar", "Murder", "Body Buried", "India News", "Cyanide"]
---

#  എന്തൊരു ക്രൂരത...! രണ്ട് വർഷം നാട്ടുകാരെ പറ്റിച്ചു; ഭർത്താവിനെ സയനൈഡ് നൽകി കൊന്ന് ഫാക്ടറി തറയ്ക്കടിയിൽ കുഴിച്ചുമൂടി ഭാര്യയും കാമുകനും പിടിയിൽ

> **Lead Summary:** **ഗാന്ധിനഗർ: **രണ്ട് വർഷത്തിലേറെയായി കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി ഫാക്ടറിയുടെ തറയ്ക്കടിയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി. ഗുജറാത്തിലെ ജാംനഗർ പൊലീസാണ് ഈ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

## Article Content

**ഗാന്ധിനഗർ: **രണ്ട് വർഷത്തിലേറെയായി കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി ഫാക്ടറിയുടെ തറയ്ക്കടിയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി. ഗുജറാത്തിലെ ജാംനഗർ പൊലീസാണ് ഈ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ജിഗ്നേഷ് മാവ്ദിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിഗ്നേഷിന്റെ ഭാര്യ പൃഥ്വി, ഇവരുടെ കാമുകൻ നിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിഗ്നേഷിന്റെ മദ്യത്തിൽ ഇരുവരും ചേർന്ന് സയനൈഡ് കലർത്തി നൽകിയാണ് കൊലപാതകം നടത്തിയത്. തുടർന്ന് ദാരേദ് ജി ഐ ഡി സി മേഖലയിലെ ഒരു ഫാക്ടറിയുടെ ഉള്ളിൽ 12 അടി താഴ്ചയുള്ള കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

ജിഗ്നേഷ് ജോലി ആവശ്യത്തിനായി ഓസ്‌ട്രേലിയയിലേക്ക് മാറിയെന്നാണ് പൃഥ്വി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അതിനാൽ രണ്ട് വർഷത്തോളം ആർക്കും യാതൊരു സംശയവും തോന്നിയിരുന്നില്ല. എന്നാൽ, ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കാനിരുന്ന ഒരു ബന്ധു ജിഗ്നേഷിന്റെ അവിടുത്തെ ഫോൺ നമ്പറും വിലാസവും ആവശ്യപ്പെട്ടപ്പോൾ പൃഥ്വിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല.

ഇത് കുടുംബത്തിലുള്ളവർക്ക് സംശയത്തിന് കാരണമായി. തുടർന്ന് ജിഗ്നേഷിന്റെ സഹോദരൻ അശോക് മാവ്ദിയ ജാംനഗർ സിറ്റി ബി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പൃഥ്വി കുറ്റം സമ്മതിക്കുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു.

അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രതിഭയുടെ നേതൃത്വത്തിലുള്ള സംഘം ഫാക്ടറിയിൽ നിന്നും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഈ അവശിഷ്ടങ്ങൾ ഡിഎൻഎ, ഫോറൻസിക് പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ഫോറൻസിക് പരിശോധനയിലൂടെ കൊല്ലപ്പെട്ടത് ജിഗ്നേഷ് തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375570/gujarat-jamnagar-wife-lover-kill-man-bury-body-factory-floor)