---
title: "'നാണംകെട്ട പണിക്ക് എന്നെക്കിട്ടില്ല'; ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയിൽ തന്റെ പേര് വയ്‌ക്കരുതെന്ന് പൂഞ്ഞാർ എംഎൽഎ"
english_title: "Poonjar MLA MJ Sebastian Opposes Name Boards on MLA Fund Projects"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375562/poonjar-mla-mj-sebastian-no-name-board-mla-fund"
published_at: "2026-07-30T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b2aeaa22e3_poonjar-mla-mj-sebastian-no-name-board-mla-fund.jpg"
keywords: ["MJ Sebastian", "Poonjar MLA", "MLA Fund", "Kerala Politics", "Development Projects"]
---

# 'നാണംകെട്ട പണിക്ക് എന്നെക്കിട്ടില്ല'; ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയിൽ തന്റെ പേര് വയ്‌ക്കരുതെന്ന് പൂഞ്ഞാർ എംഎൽഎ

> **Lead Summary:** കോട്ടയം: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ തന്റെ പേര് എഴുതി ഫലകം സ്ഥാപിക്കരുതെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ രംഗത്തെത്തി. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള പ്രവർത്തികൾ വ്യക്തിപരമായ നേട്ടമായി ചിത്രീകരിക്കുന്നതിനോട് ശക്തമായ എതിർപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

## Article Content

കോട്ടയം: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ തന്റെ പേര് എഴുതി ഫലകം സ്ഥാപിക്കരുതെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ രംഗത്തെത്തി. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള പ്രവർത്തികൾ വ്യക്തിപരമായ നേട്ടമായി ചിത്രീകരിക്കുന്നതിനോട് ശക്തമായ എതിർപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ആർ ശങ്കർ മെമ്മോറിയൽ യു പി സ്കൂളിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ തുകയുടെ വികസന പ്രവർത്തികൾ ചെയ്ത ശേഷം സ്വന്തം പേര് പരസ്യപ്പെടുത്തി ഫലകം സ്ഥാപിക്കുന്ന രീതിയെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

> "ഒരു കിണറിന് 5,000 രൂപ സബ്സിഡി നൽകിയിട്ട്, അല്ലെങ്കിൽ മുക്കാൽ ചങ്ങല നീളമുള്ള റോഡ് ടാർ ചെയ്തിട്ട് ചെണ്ട മേടിച്ച് കൊട്ടിക്കൊണ്ടുപോയി പേരെഴുതി വയ്ക്കുന്ന നാണംകെട്ട പണിക്ക് എന്നെ കിട്ടില്ല" എന്നായിരുന്നു സെബാസ്റ്റ്യന്റെ വാക്കുകൾ. എംഎൽഎ ഫണ്ട് അനുവദിക്കുമ്പോൾ തന്നെ താൻ ബന്ധപ്പെട്ടവരോട് "ദയവ് ചെയ്ത് എന്റെ പേര് അതിൽ എഴുതിവയ്ക്കരുത്" എന്ന് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

> ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എംഎൽഎയുടെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് സെബാസ്റ്റ്യൻ വ്യക്തമാക്കി."സർക്കാരിന്റെയും ജനങ്ങളുടെയും പണമെടുത്ത് അത് എന്റെ ഫണ്ടാണെന്ന് പേരെഴുതി വയ്ക്കുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്?

> ജനങ്ങൾ ജയിപ്പിച്ചുവിട്ടാൽ അത് നിർവഹിക്കുന്നത് എന്റെ ഡ്യൂട്ടിയാണ്. ഭഗവദ് ഗീതയിൽ പറയുന്നതുപോലെ, കർമം ചെയ്യുക, ഫലം ഇച്ഛിക്കരുത് എന്നതാണ് എന്റെ നയം. ജനങ്ങൾ നൽകിയ ചുമതല കൃത്യമായും ഭംഗിയായും ചെയ്ത് തീർക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം" - സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾക്ക് ഫലകം സ്ഥാപിക്കുകയും പേര് പരസ്യപ്പെടുത്തുകയും ചെയ്യുന്ന രീതി വ്യാപകമാണ്. എന്നാൽ ഇതിനെതിരെ ഒരു ജനപ്രതിനിധി പരസ്യമായി നിലപാട് എടുക്കുന്നത് ശ്രദ്ധേയമായി. വികസനം ജനങ്ങൾക്കുള്ളതാണെന്നും അതിൽ വ്യക്തികളുടെ പേരും പ്രചാരണവും അനാവശ്യമാണെന്നുമുള്ള സെബാസ്റ്റ്യന്റെ നിലപാടിന് സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലെ പ്രചാരണ സംസ്കാരത്തിന് ബദലായി ലളിതവും സുതാര്യവുമായ സമീപനമാണ് താൻ സ്വീകരിക്കുന്നതെന്നും പൂഞ്ഞാർ എംഎൽഎ പറഞ്ഞു. ജനസേവയാണ് ലക്ഷ്യമെന്നും അതിൽ പരസ്യത്തിന്റെ ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375562/poonjar-mla-mj-sebastian-no-name-board-mla-fund)