---
title: "ലോകകപ്പ് ഫൈനൽ കൈയാങ്കളി: അർജന്റീന ഫുട്ബോൾ അസോസിയേഷനും മുൻനിര താരങ്ങൾക്കും എതിരെ ഫിഫയുടെ അച്ചടക്ക നടപടി"
english_title: "FIFA Opens Disciplinary Action Against Argentina Over World Cup Final Brawl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375557/fifa-disciplinary-action-argentina-world-cup-final-brawl"
published_at: "2026-07-30T15:57:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b272c4626c_fifa-disciplinary-action-argentina-world-cup-final-brawl.jpg"
keywords: ["FIFA World Cup 2026", "Argentina", "Spain", "Disciplinary Action"]
---

# ലോകകപ്പ് ഫൈനൽ കൈയാങ്കളി: അർജന്റീന ഫുട്ബോൾ അസോസിയേഷനും മുൻനിര താരങ്ങൾക്കും എതിരെ ഫിഫയുടെ അച്ചടക്ക നടപടി

> **Lead Summary:** സൂറിച്ച്: ലോകകപ്പ് ഫൈനലിലെ കൈയാങ്കളിയിൽ അർജന്‍റീന ഫുട്ബാൾ അസോസിയേഷനെതിരെയും മുൻനിരതാരങ്ങൾക്കെതിരെയും അച്ചടക്ക നടപടികൾ ആരംഭിച്ച് ഭരണസമിതിയായ ഫിഫ.

## Article Content

സൂറിച്ച്: ലോകകപ്പ് ഫൈനലിലെ കൈയാങ്കളിയിൽ അർജന്‍റീന ഫുട്ബാൾ അസോസിയേഷനെതിരെയും മുൻനിരതാരങ്ങൾക്കെതിരെയും അച്ചടക്ക നടപടികൾ ആരംഭിച്ച് ഭരണസമിതിയായ ഫിഫ.

ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സ്പെയിനിനോട് തോറ്റതിനു പിന്നാലെ അർജന്റീന താരങ്ങളും സ്റ്റാഫുകളും സ്പാനിഷ് താരങ്ങളുമായി കൈയാങ്കളിയിൽ ഏർപ്പെട്ടിരുന്നു. കൂടാതെ, ടൂർണമെന്റിലുടനീളം ആരാധകരുടെയും ടീമിന്റെയും ഭാഗത്തുനിന്നുണ്ടായ അച്ചടക്കലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി.

ഫിഫ നിയമിച്ച ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് പ്രോസിക്യൂട്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർജന്റീന താരങ്ങളായ നഹുവൽ മൊളീന, ലിയാൻഡ്രോ പാരെഡെസ്, അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാള എന്നിവർക്കെതിരെ ഫിഫ അച്ചടക്ക നിയമത്തിലെ വകുപ്പ് 14 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചു.

കൂടാതെ, മൊളീന, തിയാഗോ അൽമാഡ, സ്പാനിഷ് താരം ഗാവി എന്നിവർക്കെതിരെ മോശം പെരുമാറ്റത്തിനും അച്ചടക്ക നടപടി ഉണ്ടാകും. മോശം പെരുമാറ്റത്തിന് കുറഞ്ഞത് ഒരു മത്സര വിലക്കും കൈയാങ്കളിക്ക് കുറഞ്ഞത് മൂന്ന് മത്സര വിലക്കും നേരിടേണ്ടി വരും. മത്സരങ്ങളിലെ വംശീയ അധിക്ഷേപം, വൈകിയുള്ള കിക്ക്-ഓഫുകൾ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പരാജയം, ഗാലറിയിൽ നിന്ന് വസ്തുക്കൾ എറിയൽ, രാഷ്ട്രീയ സന്ദേശങ്ങൾ അടങ്ങിയ ബാനറുകൾ ഉയർത്തൽ (ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫോക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള അവകാശവാദം ഉന്നയിച്ച ബാനർ) എന്നിവയിലാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വിശദീകരണം നൽകേണ്ടത്.

താരങ്ങൾക്കും അസോസിയേഷനും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഫിഫ അവസരം നൽകിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഫിഫ അച്ചടക്ക സമിതി അന്തിമ ശിക്ഷാനടപടികൾ പ്രഖ്യാപിക്കുക.

‘2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ മത്സരങ്ങൾക്കിടയിലെ വംശീയ അധിക്ഷേപ മുദ്രാവാക്യവിളികളും ആംഗ്യങ്ങളും, വൈകിയുള്ള കിക്ക്-ഓഫുകൾ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിൽ, ടീമും കാണികളും അനുചിതമായ സന്ദേശങ്ങൾ പ്രദർശിപ്പിച്ചത്, കാണികൾ വസ്തുക്കൾ എറിഞ്ഞത് എന്നിവയുടെ പശ്ചാത്തലത്തിൽ ഫിഫ അച്ചടക്ക നിയമത്തിലെ വകുപ്പ് 13 ഗ്രാഫ് 2 സി (കായിക മാമാങ്കങ്ങൾ കായികയിതര ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യൽ),

വകുപ്പ് 14 ഗ്രാഫ് 5 (ടീമിന്റെ മോശം പെരുമാറ്റം), വകുപ്പ് 15 (വിവേചനവും വംശീയ അധിക്ഷേപവും), വകുപ്പ് 17 (മത്സരങ്ങളിലെ ക്രമസമാധാനവും സുരക്ഷയും) എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനെതിരെ ഫിഫ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചിട്ടുണ്ട്’ -ഫിഫ പ്രസ്താവനയിൽ അറിയിച്ചു.

ജൂലൈ 19ന് നടന്ന ഫൈനലിൽ സ്പെയിൻ 1-0ന് അർജന്റീനയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചില അർജന്റീന കളിക്കാരും ഭാരവാഹികളും സ്പാനിഷ് താരങ്ങളുമായി കൈയാങ്കളിയിൽ ഏർപ്പെട്ടത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിനുശേഷം ഫോക്ക്ലാന്‍ഡ് അനുകൂല ബാനര്‍ ഉയർത്തിയിരുന്നു.

സ്‌പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിയതിന് അര്‍ജന്റീനയെ അന്താരാഷ്ട്ര ഫുട്‌ബാള്‍ സംഘടനയായ ഫിഫ വിലക്കണമെന്നടക്കം അന്ന് ആവശ്യമുയര്‍ന്നിരുന്നു. ‘ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്ന് എഴുതിയ ബാനര്‍ പിടിച്ച് താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തതും വിവാദമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375557/fifa-disciplinary-action-argentina-world-cup-final-brawl)