---
title: "'മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ല'; വടകരയിലെ ലഹരിക്കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല"
english_title: "Vadakara MDMA Case Teachers Arrested Ramesh Chennithala Reaction Wayanad Supplier"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375543/vadakara-mdma-case-teachers-arrest-ramesh-chennithala-wayanad-supplier"
published_at: "2026-07-30T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1fed09661_vadakara-mdma-case-teachers-arrest-ramesh-chennithala-wayanad-supplier.jpg"
keywords: ["MDMA Case", "Vadakara MDMA Case", "Ramesh Chennithala", "Teachers Arrest", "Kerala Drugs", "Wayanad"]
---

# 'മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ല'; വടകരയിലെ ലഹരിക്കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **ലഹരിക്കേസിൽ അധ്യാപകർ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.

## Article Content

**തിരുവനന്തപുരം: **ലഹരിക്കേസിൽ അധ്യാപകർ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.

> "കുട്ടികളെ നേർവഴിക്ക് നയിക്കേണ്ട അധ്യാപകർ ലഹരി കച്ചവടത്തിൽ ഏർപ്പെട്ടത് ഗുരുതരമായ കുറ്റമാണ്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കളങ്കം ഏൽപ്പിക്കുന്നതാണ്" എന്ന് മന്ത്രി പറഞ്ഞു.

അതേസമയം വടകര എംഡിഎംഎ കേസിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അധ്യാപകർ എംഡിഎംഎ വിറ്റ് കിട്ടിയ പണം മുഴുവൻ ഒരു വ്യക്തിയുടെ നിർദേശപ്രകാരം അയച്ചതാണെന്നാണ് സംശയം. വയനാട് സ്വദേശിയായ യുവാവാണ് ഈ ലഹരിക്കടത്തിന്റെ മൊത്തവിതരണക്കാരനെന്നും, അറസ്റ്റിലായവരെല്ലാം ഇയാളുടെ ശൃംഖലയിലെ കണ്ണികൾ മാത്രമാണെന്നുമാണ് പോലീസിന്റെ നിഗമനം.

കേരളം വിട്ട ഇയാൾക്കായി പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഒരു കോടിയിലധികം രൂപയാണ് പ്രതി നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യുആർ കോഡുകളിലേക്കും അയച്ചത്.ലഹരി ഉപയോഗിക്കുന്നവരെ തന്നെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് സംഘം സ്വീകരിച്ചത്.

ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേർ പണം അയച്ചതായി കണ്ടെത്തി. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ച് വിവരങ്ങൾ നൽകാൻ അറസ്റ്റിലായ അധ്യാപികമാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവർ തയാറായിട്ടില്ല. അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയിട്ടുണ്ട്.

ഇത് നർക്കോട്ടിക് ബിസിനസ് വഴിയുള്ള വരുമാനമാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ് അറിയിച്ചു. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375543/vadakara-mdma-case-teachers-arrest-ramesh-chennithala-wayanad-supplier)